സമൂഹ മാധ്യമത്തിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.
കലാപമുണ്ടാക്കാൻ ശ്രമിക്കുക, രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതേ പരാതിയില്‍ ബി ജെ പി നേതാവ് അനില്‍ ആന്‍റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.ഇന്ത്യൻ ശിക്ഷാ നിയമം 153 ,153 A വകുപ്പുകളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതും, അതിനായി വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നതും കുറ്റകരമാക്കുന്ന വകുപ്പാണത്. ഒപ്പം കേരള പൊലീസ് ആക്ടിലെ നൂറ്റി ഇരുപതാം വകുപ്പും ചേർത്തിട്ടുണ്ട്. ആറ് മാസം വരെ തടവോ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്.
രാജീവ് ചന്ദ്രശേഖറിനു പുറമെ ബിജെപി നേതാവായ അനില്‍ ആന്‍റണിക്കെതിരെ നല്‍കിയ പരാതിയിലും സമാന വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.നേരത്തെ രാജീവ് ചന്ദ്രശേഖറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് പരിശോധിച്ച സൈബര്‍ സെല്‍ എസ് ഐ രേഖാമൂലം നല്‍കിയ പരാതിയിലും സെന്‍ട്രല്‍ പോലീസ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരുന്നു.
കളമശ്ശേരി ബോംബ് സ്ഫോടനത്തിന് പിന്നാലെയായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ വിവാദ പോസ്റ്റ്.
ഹമാസിൻ്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ കൃസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുകയാണ് അതാണ് കളമശ്ശേരിയിൽ കണ്ടത് എന്നായിരുന്നു കേന്ദ്ര മന്തിയുടെ പോസ്റ്റിൻ്റെ ഉള്ളടക്കം. എന്നാല്‍ സ്ഫോടനത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമായതോടെ കേന്ദ്രമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനിടെയായിരുന്നു പൊലീസ് നിയമനടപടികളിലേക്ക് കടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here