യുപിഐ ഇടപാടുകളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സിആര്‍പിസി 102 പ്രകാരമുള്ള നടപടികളിലൂടെയല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.
വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിച്ചത്. അക്കൗണ്ടുകള്‍ മരവിക്കപ്പെട്ട ആറ് പേര് നല്കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി അടിയന്തര ഇടപെടല്‍ നടത്തിയത്.
യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന സംഭവം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ വിശദീകരണക്കുറിപ്പുമായി പൊലീസ് രംഗത്തെത്തി. യുപിഐ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി നല്കിയ പരാതിയിന്മേല് തുടര്‍നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ചില അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here