ദേശീയ ഹെൽത്ത് ക്ലെയിം എക്സ്‌ചേഞ്ച് (എൻഎച്ച്സിഎക്സ്.) ഉടൻ ആരംഭിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നടപടികൾ സുഗമമാക്കുവാൻ വേണ്ടിയുള്ള ഈ പദ്ധതി നൂറുദിന കർമപരിപാടിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷത്തോളമായി നടക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കും.സമയതാമസമില്ലാതെ ഡിജിറ്റലായി ഇൻഷുറൻസ് ക്ലെയിം ചെയ്യാനും കഴിയും. ഏകീകൃത സംവിധാനം വരുന്നതോടെ നടപടിക്രമങ്ങൾ ലളിതമാകുമെന്നും ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു.
നാഷണൽ ഹെൽത്ത് അതോറിറ്റിയും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്നാണ് ദേശീയ ഹെൽത്ത് ക്ലെയിം എക്സ്‌ചേഞ്ച് നടപ്പാക്കുന്നത്. ഇൻഷുറൻസ് കമ്പനികളും ആശുപത്രികളും പദ്ധതിയുടെ ഭാഗമായിരിക്കും. എല്ലാ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളും ഇതുവഴിയാക്കും.
ഓൺലൈനായി നടക്കുന്നതിനാൽ നടപടികൾക്ക് കാലതാമസമില്ല. ക്ലെയിമുകൾ പാസാക്കാനുള്ള ഭരണപരമായ ബുദ്ധിമുട്ട് ആശുപത്രികൾക്ക് ഒഴിവാകും. മാത്രമല്ല, ക്ലെയിം നേടിയെടുക്കാനുള്ള ഭാരിച്ച നടപടി ക്രമങ്ങളിൽ നിന്ന് രോഗികൾക്ക് മോചനവുമാകും.പദ്ധതിയുമായി സഹകരിക്കാൻ മുപ്പതോളം ഇൻഷുറൻസ് കമ്പനികൾ ഇതിനകം മുന്നോട്ടുവന്നിട്ടുണ്ട് . എൻ.എച്ച്.സി.എക്സ്. പ്രോത്സാഹിപ്പിക്കാൻ ആശുപത്രികൾക്ക് സാമ്പത്തിക ഇളവു നൽകുന്നതും പരിഗണനയുണ്ട്.
2023-ൽ ഇതിന് രൂപം നൽകിയെങ്കിലും പദ്ധതി നിലവിൽ വന്നിട്ടില്ല. അതേസമയം പൂർണമായി ഡിജിറ്റലായി മാറാൻ സമയമെടുത്തേക്കുമെന്നതാണ് വെല്ലുവിളിയാണ്. അതുകൂടാതെ രോഗികളുടെ ചികിത്സാവിവരങ്ങളും ഇൻഷുറൻസ് വിവരങ്ങളുമെല്ലാം ഡിജിറ്റലാക്കുമ്പോൾ ഡേറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here