സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാഴ്ചയായി സ്ഥിതി വിലയിരുത്തികയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. സംസ്ഥാനത്ത് കേസുകൾ കൂടുന്നു.സൈക്ലിക് വർദ്ധനവ് ഉണ്ടാകുന്നുവെന്നും മോണിറ്ററിംഗ് സെൽ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ എത്തുന്നവർ മറ്റ് രോഗ ബാധിതരാകാതിരിക്കാനുള്ള പ്രതിരോധ നടപടി സ്വീകരിച്ചതായും വീണ ജോര്‍ജ്ജ് അറിയിച്ചു.
പനി സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നു. ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോകോൾ നിർദ്ദേശിച്ചിരുന്നുതായും എല്ലാ ആരോഗ്യ പ്രവർത്തകരും അതിനനുസരിച്ച് പരിശീലനം സിദ്ധിച്ചവരാണെനന്നും മന്ത്രി വ്യക്തമാക്കി.
ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് എല്ലായിടത്തും പനി ക്ലിനിക്കുകൾ തുടങ്ങിയിരുന്നു. ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകളും ആയി ബുധനാഴ്ച ചർച്ച നടത്തും. എല്ലായിടത്തും മരുന്നു ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും വീണ ജോര്‍ജ്ജ് അറിയിച്ചു.
എലിപ്പനി സ്ഥിരീകരിക്കാനുള്ള ആർ.ടി.പി.സി.ആർ പരിശോധന കിറ്റുകൾ സംസ്ഥാനത്ത് എത്തിച്ചു.മരണങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. അതിനു വേണ്ടിയിട്ടുള്ള പ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും അനാവശ്യമായുള്ള റഫറലുകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഏഴ് പേര്‍ മരണപ്പെട്ടു. എലിപ്പനി ബാധിച്ച് 27 മരണം റിപ്പോർട്ട് ചെയ്തു.മുൻ വർഷങ്ങളേക്കാൾ കൂടുതലായി കേസുകളും മരണവും ഉണ്ടായിട്ടില്ലെന്നും ഓരോ മരണവും ഒഴിവാക്കണം എന്നതാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
നിര്‍ദ്ദേശങ്ങള്‍
- ശ്വാസകോശ അസുഖമുള്ള കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
- പനിയെ നിസ്സാരവൽക്കരിക്കരുത്
- സ്വയം ചികിത്സ പാടില്ല
- പനി ബാധിച്ചാൽ ഡോക്ടറെ കാണണം, ഏതു പനിയാണ് എന്നത് തിരിച്ചറിഞ്ഞ് ചികിത്സിക്കണം
- കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം
ഡെങ്കിപ്പനി
- കൊതുകുകൾ വളരുവാനുള്ള എല്ലാ സാഹചര്യവും വീടുകളിലും ഓഫീസുകളിലും സ്കൂളുകളിലും ഒഴിവാക്കണം
- ഉറവിട നശീകരണ പ്രവർത്തനം അടിയന്തരമായി നടത്തണം
- ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർബന്ധമായും ഫോഗിംഗ് ചെയ്യണം
അതേസമയം പേവിഷ പ്രതിരോധ വാക്സിൻ നിലവിൽ സ്റ്റോക്ക് ഉണ്ടെന്നും ആവശ്യാനുസരണം വാക്സിൻ ഉറപ്പാക്കാൻ കെഎംഎസ്സിഎല്ലിന് നിർദ്ദേശം നൽകിയതായും അസാധാരണപ്പനി എവിടെ റിപ്പോർട്ട് ചെയ്താലും അത് അറിയിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here