ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ്

ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും. പള്‍മനോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങള്‍ കൃത്യമായ ദിവസങ്ങളില്‍ ഉണ്ടാകും. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം തുടരും. ആരോഗ്യ സര്‍വേ തുടരുകയാണ്. കുറച്ച് ഭാഗങ്ങളില്‍കൂടി അവശേഷിക്കുന്നു. സര്‍വേ പൂര്‍ത്തിയാക്കി കൃത്യമായ വിശകലനം നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്ന് നിലവിലെ ആരോഗ്യ സാഹചര്യം മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. മറ്റു ജില്ലകളില്‍ നിന്ന് തീ അണയ്ക്കലിന് എത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മെഡിക്കല്‍ പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ചികിത്സയും ലഭ്യമാക്കും.

കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളിലെ ക്രമീകരണം, മഴക്കാലപൂര്‍വ ശുചീകരണം-ആരോഗ്യജാഗ്രത കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി.

നിലവില്‍ ജില്ലയില്‍ ആകെ 406 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. 13 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് മറ്റ് രോഗങ്ങളും വാര്‍ധ്യക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. പ്രായമുള്ളവര്‍ക്ക് വീട്ടിലുള്ള മറ്റുള്ള അംഗങ്ങളില്‍ നിന്നാണ് കൊവിഡ് പകരുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത ഉണ്ടാകണം. കൊവിഡ് വര്‍ധിക്കുകയാണെങ്കില്‍ ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യവും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ആശുപത്രിയിലെ എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതിനും മന്ത്രി നിര്‍ദേശിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എസ് ശ്രീദേവി, ദേശിയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നിഖിലേഷ് മേനോന്‍, ആരോഗ്യവകുപ്പിലെ മറ്റ് ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News