കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലെ വെയില്‍സില്‍ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെൽഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്സ് സി.ഇ.ഒ ഇൻ ചാർജ് അജിത് കോളശ്ശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോർക്ക-വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമൻ ബില്ല , നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ALSO READ: കേരളത്തിന്‌ കേന്ദ്ര സഹായം: കള്ളപ്രചാരണത്തിന് ധനമന്ത്രിയുടെ മറുപടി

ഇന്ത്യയിലെ ഒരു സംസ്ഥാനവുമായി ആദ്യമായിട്ടാണ് ഇത്തരത്തിൻ ധാരണപത്രം കൈമാറുന്നതെന്ന് എലുനെഡ് മോർഗൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഏറ്റവും മികവുറ്റവരാണെന്നും കോവിഡാനന്തരമുളള വെയിൽസിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് പുതിയ റിക്രൂട്ട്മെന്റ് സഹായിക്കുമെന്നും എലുനെഡ് മോർഗൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൻ 250 പേരെ റിക്രൂട്ട്ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയ്ക്കു പുറമേ മറ്റു മേഖലകളിലുള്ളവര്‍ക്കും തൊഴിവസരം ഒരുക്കുമെന്നും വെൽഷ് ആരോഗ്യ മന്ത്രി അറിയിച്ചു.

സമഗ്രആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നും പുതിയ അവസരങ്ങൾ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തുടർന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ സഹകരണസാധ്യതയുളള മേഖലകള്‍ കണ്ടെത്താനും തീരുമാനമായി. ചര്‍ച്ചയില്‍ ആഗോളതലത്തിലെ റിക്രൂട്ട്മെന്റ് സാധ്യതകളും കേരളത്തിന്റെ മനുഷ്യവിഭവശേഷിയുടെ സാധ്യതകളും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി വിശദീകരിച്ചു.

ALSO READ: ‘സിദ്ധാർത്ഥ് എസ്എഫ്ഐ പ്രവർത്തകൻ, ക്യാമ്പസിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്’, എസ്എഫ്ഐ എന്നും കുടുംബത്തിനൊപ്പം: പി എം ആർഷോ

ചടങ്ങില്‍ വെയിൽസിലെ നഴ്‌സിംഗ്‌ ഓഫീസര്‍ ഗില്ലിയന്‍ നൈറ്റു, ഗവൺമെന്റ് പ്രതിനിധികളായ ഇന്ത്യന്‍ ഓഫീസ് മേധാവി മിച്ച് തിയേക്കർ, ഇൻ്റർനാഷണൽ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ഫിയോൺ തോമസ് , നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ മനോജ്.ടി, അസി. മാനേജർമാരായ രതീഷ്, പ്രവീൺ, തുടങ്ങിയവരും പങ്കെടുത്തു. വെല്‍ഷ് പ്രതിനിധിസംഘം നാളെ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജും, നഴ്സിങ് കോളേജും സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News