വേനല്‍ക്കാലമായില്ലെങ്കിലും അന്തരീക്ഷം ചൂട് പിടിച്ചുതുടങ്ങി. ചൂട് കാരണം വീടിന് പുറത്തേക്കിറങ്ങള്‍ പോലും മടിയായിത്തുടങ്ങിയിട്ടുണ്ട്. ചൂട് സമയത്ത് നമ്മള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തണുത്ത ആഹാരങ്ങള്‍ കഴിക്കാനും ധാരളം വെള്ളം കുടിക്കാനും നമ്മള്‍ ശീലിക്കണം.
നിര്‍ജലീകരണം
ജലാംശം നഷ്ടമാകുന്നത് പ്രധാന ഭീഷണിയാണ്. നിര്‍ജലീകരണം മരണത്തിനു വരെ കാരണമാകും. കഠിനാധ്വാനത്തിലുടെയും മറ്റും വലിയ തോതില്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാകും. മൂത്രാശയക്കല്ല് ഉള്‍പ്പെടെ രോഗങ്ങള്‍ക്കും ജലാംശം നഷ്ടമാകുന്നത് കാരണമാകും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെളളം കുടിക്കുക. ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ചുണ്ടിലെ ചര്‍മം വരണ്ടു പൊട്ടുകയും ചൂടുകുരു ഉള്‍പ്പടെ ചര്‍മ്മരോഗങ്ങളും ഉണ്ടായേക്കാം.
സൂര്യാഘാതം
തുറസ്സായ സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ഒഴിവാക്കുക. സൂര്യാഘാതം സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ചൂടേറിയ സമയത്ത് കുട്ടുകളെ വെയിലില്‍ നിന്ന് അകറ്റി നിര്‍ത്തുക. കുട, തൊപ്പി തുടങ്ങിയവയൊക്കെ കരുതിയേ പുറത്തിറങ്ങാവൂ. ചുവന്ന തടിപ്പോ പൊള്ളലോ കണ്ടാല്‍ വെയിലത്തു നിന്നു തണലിലേക്കു മാറ്റുക. തണുത്ത വെള്ളം ധാരയായി ഒഴിച്ചു ശരീരം തണുപ്പിക്കുക. ചൂടുകാറ്റ് നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ബൈക്കുയാത്രികരും ശ്രദ്ധിക്കണം.
Also Read : ആഴ്ചകള്‍ക്കുള്ളില്‍ വണ്ണം കുറയ്ക്കണോ ? എങ്കില്‍ കരിക്ക് ഇങ്ങനെ കഴിച്ച് നോക്കൂ…
പകര്‍ച്ചവ്യാധികള്‍
ചെങ്കണ്ണ് അടക്കം നിരവധി പകര്‍ച്ചവ്യാധികള്‍ വേനല്‍ക്കാല രോഗങ്ങളാണ്. കുടിവെളള മാലിന്യത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും ചെറുതല്ല. ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം, കോളറ അടക്കമുളള മാരകരോഗങ്ങളും വേനന്‍ വില്ലനായെത്തിയേക്കാം. രോഗം പടരാനുളള സാഹചര്യങ്ങള്‍ കര്‍ശനമായി ഒഴിവാക്കുക. ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക.
രോഗികള്‍ ശ്രദ്ധിക്കുക
കടുത്ത ചൂട് രക്തത്തിലെ ഗ്ലൂക്കോസ് നിരക്കിനെ സ്വാധീനിക്കുമെന്നാണ് യുകെയിലെ ഗവേഷകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ പ്രമേഹ രോഗികളും ഹൃദ്രോഗികളും ശ്രദ്ധിക്കുന്നത് നല്ലതാണ്. ചൂടില്‍ ഇന്‍സുലിന്‍ പോലുള്ള മരുന്നുകളുടെ പ്രവര്‍ത്തനക്ഷമത നഷ്ടമാകാം. അതുകൊണ്ട് മരുന്നുകള്‍ സൂക്ഷിക്കുന്നതില്‍ പ്രത്യേക കരുതല്‍ വേണം.
ഭക്ഷണം
വേനല്‍ക്കാലത്തെ ഭക്ഷണവും വെളളവും പ്രത്യേക ക്രമത്തിലുളളതാകണം. മധുരമുളള കുപ്പിയിലടച്ച പാനീയങ്ങള്‍ നിര്‍ജലീകരണം കൂട്ടാന്‍ സാധ്യതയുണ്ട്. പഴങ്ങള്‍, സാലഡുകള്‍, മസാല കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയാണ് ഉത്തമം. കഞ്ഞിവെളളം, കരിക്കിന്‍ വെള്ളം, തുടങ്ങിയവയും ആരോഗ്യപരിപാലനത്തിനു നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here