ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ്. ഇതിൽ തന്നെ ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതമാണ് ഏറെ അപകടകരം. സ്ത്രീകളിലും ഹൃദയാഘാതനിരക്ക് വളരെ കൂടുതലാണ്. പ്രത്യേകിച്ചും ആർത്തവവിരാമത്തിനുശേഷവും ഹോർമോൺ വ്യതിയാനം മൂലവും സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് സാധ്യത കൂടുതലാണ്. ഇതിന് പുറമെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളും ഹൃദയാഘാതത്തിന് കാരണമാകുന്നു. പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, മാനസികസമ്മർദ്ദം എന്നിവയും ഹൃദയാഘാതസാധ്യത കൂട്ടും.
സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾക്ക് പുരുഷൻമാരിൽനിന്ന് ചില വ്യത്യാസങ്ങൾ കണ്ടുവരുന്നുണ്ട്. ഇവ തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതൽ എടുത്താൽ അപകടസാധ്യതയെ ചെറുക്കാൻ കഴിയും. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഏഴ് ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
- നെഞ്ച് വേദനയും അസ്വസ്ഥതയും
നെഞ്ചിനുള്ളിൽ ഭാരം അനുഭവപ്പെടുകയും അസഹനീയമായ വേദനയും ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ ചിലരിൽ മിനിട്ടുകളോളം നീണ്ടുനിൽക്കും.
- മറ്റ് ശരീരഭാഗങ്ങളിൽ വേദന
നെഞ്ചിൽനിന്ന് തുടങ്ങി പുറംഭാഗം, കഴുത്ത്, താടിയെല്ല്, കൈകൾ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടുന്നത് സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണമാകാം.
- ശ്വാസതടസം അനുഭവപ്പെടുന്നത്
നെഞ്ച് വേദനയ്ക്കൊപ്പമോ അല്ലാതെയോ ശ്വാസതടസം അനുഭവപ്പെടുന്നത് ഹൃദയാഘാത ലക്ഷണമാകാം. ചിലരിൽ വളരെ പെട്ടെന്നോ, മറ്റ് ചിലരിൽ ശാരീരിക അധ്വാനത്തെ തുടർന്നോ ആകാം ഈ ശ്വാസതടസം അനുഭവപ്പെടുക.
- ഛർദ്ദിയും ഓക്കാനവും
ഹൃദയാഘാതം വയറിനുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുകയും, ക്ഷീണവും തളർച്ചയും ഛർദ്ദിയും, വയറിളക്കവും ഉണ്ടാകാൻ കാരണമാകും. ചിലർ, ഇത് വയറിനുള്ളിലെ ആരോഗ്യപ്രശ്നമാണെന്ന് തെറ്റിദ്ധരിച്ച് മതിയായ ചികിത്സ തേടാതിരിക്കുന്നത് അപകടകരമാണ്.
- പതിവില്ലാത്ത ക്ഷീണവും തളർച്ചയും
പതിവില്ലാത്ത ക്ഷീണവും തളർച്ചയും ഹൃദയാഘാതത്തിന്‍റെ സൂചനയാകാം. വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോഴും ഇത്തരത്തിൽ ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണം.
Also Read- ഹൃദയത്തേ ഹര്‍ട്ടാക്കല്ലേ… ബ്രേക്ക്ഫാസ്റ്റ് ബെസ്റ്റ് ആക്കാം! പുത്തന്‍ പഠനം പുറത്ത്!
- അകാരണമായി വിയർക്കുക
അത്ര ചൂടല്ലാത്ത അവസ്ഥയിലും, ശാരീരിക അധ്വാനം ചെയ്യാത്തപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ശ്രദ്ധിക്കണം. ചിലരിൽ ഇത് ഹൃദയാഘാത ലക്ഷണമാകാം.
- നെഞ്ചെരിച്ചിലും ദഹനക്കുറവും
ചില ആളുകളിൽ നെഞ്ചെരിച്ചിലും ദഹനക്കുറവും അനുഭവപ്പെടുന്നത് ഹൃദയാഘാത ലക്ഷണമാകാം. ചിലപ്പോൾ ഇത് വയറിനുള്ളിലെ ആരോഗ്യപ്രശ്നമാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ തേടാതിരിക്കുന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കും.
മുകളിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഒരുമിച്ച് എല്ലാവരിലും കാണപ്പെടില്ല. ഹൃദയാഘാതത്തിന്‍റെ ഗുരുതരാവസ്ഥയ്ക്ക് അനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here