ചൂട് കൂടുന്നു; പകല്‍ സമയപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പകല്‍ നടത്തുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി. പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ വെയില്‍ ഏല്‍ക്കുന്ന ജോലികളിലും പരിപാടികളിലും ഏര്‍പ്പെടുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വലിയ പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ ജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

നിര്‍ദേശങ്ങള്‍ ചുവടെ

ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.

ധാരാളം വെള്ളം കുടിക്കുകയും ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാന്‍ ശ്രമിക്കുക.

തുടര്‍ച്ചയായി ശരീരത്തില്‍ വെയില്‍ ഏല്‍ക്കാതെ നോക്കുകയും ഇടക്കിടക്ക് വിശ്രമിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പരമാവധി തണലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം.

ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും ഉചിതം. നിര്‍ബന്ധമായും പാദരക്ഷകള്‍ ഉപയോഗിക്കണം.

ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിയുള്ളവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെ ഉച്ച സമയത്തുള്ള നേരിട്ട് വെയിലേല്‍ക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കര്‍ശനമായി ഉറപ്പ് വരുത്തണം.

ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം.

പൊതുപരിപാടികള്‍ നടക്കുന്ന പ്രദേശങ്ങളിലെ ഹെല്‍ത്ത് സെന്ററുകള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ എന്നിവ തയ്യാറെടുപ്പ് നടത്തണം.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങളുമായി കൂടുതല്‍ ആളുകള്‍ ഒരുമിച്ച് എത്തിയാലും ആവശ്യമായ അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കണം തയ്യാറെടുപ്പുകള്‍.

ആംബുലന്‍സുകള്‍ സജ്ജീകരിച്ച് നിര്‍ത്തേണ്ടതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News