ഉഷ്ണതരംഗത്തിൽ ചുട്ടുപൊളളി യൂറോപ്പും അമേരിക്കയും. മൃഗശാലകളുടെ പ്രവർത്തനം മുതൽ മന്ത്രിസഭായോഗങ്ങൾ വരെ മാറ്റിവയ്ക്കുന്നുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം ചരിത്രത്തിലെ ഏറ്റവും കൊടിയ ചൂടാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കൊടുംചൂട് മൂലം യൂറോപ്പിലും അമേരിക്കയിലും പടർന്നു പിടിച്ചത് വൻ കാട്ടുതീയാണ്. കാനഡ- അമേരിക്ക അതിർത്തിയിൽ ഒരു കോടി ഹെക്ടർ കാടാണ് കാട്ടുതീ വിഴുങ്ങിയത്. യൂറോപ്പിൽ ലാ പാമ അടക്കമുള്ള സ്പാനിഷ് ദ്വീപുകളിൽ തീ പടർന്നുപിടിക്കുന്നുണ്ട്. യൂറോപ്പിന് പുറമേ യൂറോപ്യൻ വൻകരയോട് ചേർന്ന് കിടക്കുന്ന ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലും ചൂട് കനക്കുന്നുണ്ട്. ഉഷ്ണതരംഗത്തിൽ ശരീരാസ്വാസ്ഥ്യം നേരിട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭായോഗം നീട്ടി വെച്ചിരുന്നു.
ടുണീഷ്യയിലെ മൃഗശാലകൾ വരെ കൊടുംചൂടിൽ അടച്ചിടുന്നുണ്ട്. കാട്ടുതീ പടർന്നു പിടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൊടുംചൂടിൽ കഷ്ടപ്പെടുന്ന വന്യമൃഗങ്ങൾക്ക് ദാഹജലം ഉറപ്പാക്കുന്നുണ്ട് പ്രാദേശിക ഭരണകൂടങ്ങൾ. അമേരിക്കയിൽ കാലിഫോണിയ മുതൽ ടെക്സാസ് വരെ കൊടും ചൂടിലാണ്. അരിസോണയിലെ ഫീനിക്സിൽ പതിനാറ് ദിവസമായി 43°c ആണ് ചൂട്. കാലിഫോണിയയിലെ ഡെത്ത് വാലിയിൽ ചൂട് 54°C കടന്നു. യൂറോപ്പിൽ പ്രധാനമായും ഇറ്റലി, ഗ്രീസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് ചൂടുകനക്കുന്നത്.
റോം ഫ്ലോറൻസ് തുടങ്ങി 16 നഗരങ്ങളിൽ ആരോഗ്യവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സിസിലിയിലും സാർഡീനിയയിലും 48 ഡിഗ്രി സെൽഷ്യസിലും അധികമാണ് ചൂട്. കടുത്ത ചൂടിനെ തുടർന്ന് ഗ്രീസിലെ ടൂറിസ്റ്റ് കേന്ദ്രമായ അക്രാപൊളിസ് അടച്ചുപൂട്ടി. ഫ്രാൻസിൽ കൊടുംചൂട് കാർഷിക മേഖലയെയും സ്തംഭിപ്പിച്ചിട്ടുണ്ട്. ഏഷ്യയിൽ ജപ്പാനിൽ ആണ് ചൂട് മനുഷ്യജീവിതത്തെ ദു:സഹമാക്കുന്നത്. കൊടുംചൂടിന് പുറമേ കനത്ത മഴയും വെള്ളപ്പൊക്കവും ലോകത്തിന്‍റെ മറ്റ് മനുഷ്യാർദ്ധ ഗോളങ്ങളെയും ദുരിതമയമാക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here