ഗാർഹിക പീഡനക്കേസ് പ്രതികൾക്ക് വൻ പിഴ; നിയമം ഭേദ​ഗതി ചെയ്ത് യുഎഇ

uae
ഗാർഹിക പീഡനക്കേസുകളിൽ പ്രതികൾക്ക് വൻ പിഴ ചുമത്തി നിയമം ഭേദ​ഗതി ചെയ്ത് യുഎഇ. പീഡനത്തിന് ഇരയാകുന്നവർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം. കുറ്റകൃത്യം അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തില്ലെങ്കിലും ശിക്ഷ ലഭിക്കും. വീടുകൾക്കുള്ളിൽ ശാരീരികവും മാനസികവും ലൈംഗികവും സാമ്പത്തികവും ഉൾപ്പെടെ വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് കൂടുതൽ സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ ​ഗാർഹിക പീഡന നിയമം ഭേദ​ഗതി ചെയ്തത്.
ഇതനുസരിച്ച് പ്രതികൾക്ക് ശിക്ഷ കടുക്കും. തടവ് ശിക്ഷക്കൊപ്പം പിഴത്തുക 50,000 ദിർഹം വരെയായി ഉയർത്തി. പീഡന വിവരം അറിഞ്ഞിട്ട് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ 5,000 മുതൽ 10,000 ദിർഹം വരെയാണ് പിഴ. പീഡനം ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും റിപ്പോർട്ട് ചെയ്യാം. ഇവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ശാരീരികവും ലൈം​ഗികവുമായ പീഡന പരാതികൾ നേരിട്ട് പൊലീസിനാണ് നൽകേണ്ടത്.
അതേസമയം ആർക്കെങ്കിലും എതിരെ വ്യാജ പരാതി നൽകിയതായി തെളിഞ്ഞാലും അയ്യായിരം മുതൽ പതിനായിരം ദിർഹം വരെ പിഴ അടയ്ക്കണം. മാതാപിതാക്കൾ, ​ഗർഭിണികൾ, പ്രായപൂർത്തിയാവാത്തർ, ശാരീരിക വൈകല്യമുള്ളവർ എന്നിവരാണ് പീഡനത്തിന് ഇരയായതെങ്കിൽ ശിക്ഷ കടുക്കും. ഒരു വർഷത്തിനകം കുറ്റകൃത്യം ആവർത്തിച്ചാലും പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കും. പീഡനത്തിന് ഇരയായവർക്ക് നിയമപരിരക്ഷക്കൊപ്പം മാനസികവും ശാരീരികവുമായി പിന്തുണ ഉറപ്പ് വരുത്തുന്നതാണ് പുതിയ ഭേദ​ഗതി. ഇരകൾക്ക് 30 ദിവസം വരെ സാധുതയുള്ള പ്രൊട്ടക്ഷൻ ഓർഡർ നൽകാനും നിയമം അനുശാസിക്കുന്നുണ്ട്. ഇത് 30 ദിവസം വീതം രണ്ട് തവണ നീട്ടാനും കഴിയും.
പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ചാൽ തടവും അയ്യായിരം മുതൽ പതിനായിരം ദിർഹം വരെ പിഴയുമാണ് ശിക്ഷ. സംരക്ഷണത്തിൽ കഴിയുന്ന വ്യക്തിയ്ക്ക് നേരെ അതിക്രമം കാണിച്ചാൽ ചുരുങ്ങിയത് ആറുമാസം വരെയാണ് തടവ് ശിക്ഷ. പതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും അടയ്ക്കേണ്ടി വരും. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയാൽ തടവും കുറഞ്ഞത് 20,000 ദിർഹം പിഴയും ശിക്ഷ ലഭിക്കും. പരാതി പിൻവലിക്കാൻ ഇരയെ നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ പതിനായിരം മുതൽ അൻപതിനായിരം ദിർഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കും. ഇരയുടെ പൂർണസമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ ഒത്തുതീർപ്പുമായി മുന്നോട്ട് പോകാനാകൂ എന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ക്രിമിനൽ കേസിനിടെ ​ഗാർ​ഹിക പീഡനം ശ്രദ്ധയിൽപെട്ടാൽ കോടതിക്ക് ആറ് മാസക്കാലത്തേക്ക് വരെ പ്രൊട്ടക്ഷൻ ഓർഡർ ഇഷ്യൂ ചെയ്യാം. വിധി പ്രസ്താവിച്ച ശേഷം ഇരയോ പബ്ലിക് പ്രോസിക്യൂഷനോ ആവശ്യപ്പെടുകയാണെങ്കിൽ ഇത് 12 മാസമായി നീട്ടാനും കോടതിക്ക് അധികാരമുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News