വടക്കൻ കേരളത്തിൽ ശക്തമായ മഴ: വിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജ് അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ കളക്ടർ അവധി നൽകി.

കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്‍റെ സുരക്ഷാ മതിൽ തകർന്നു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. ജയിൽ സുരക്ഷ ആംഡ് പോലീസ് ഏറ്റെടുത്തു. ബ്രിട്ടീഷുകാർ പണിത 150 വർഷത്തിലധികം പഴക്കമുള്ള മതിലാണ് തകർന്നത്. ജയിൽ,റവന്യൂ, പൊതുമരാമത്ത്, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തടവുകാരെ തൽക്കാലത്തേക്ക് ജോലികൾക്കായി പുറത്തിറക്കില്ല. മതിൽ പുനർ നിർമിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കും. താൽക്കാലികമായി ഷീറ്റ് കൊണ്ട് മറക്കും.

കണ്ണൂർ പഴശ്ശി ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും ഉയർത്തി. 16 ഷട്ടറുകളാണ് ഉയർത്തിയത്
അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. കണ്ണൂർ നഗരത്തിലെ റോഡുകൾ ഇടിഞ്ഞു താണു.  കോർപ്പറേഷൻ അടുത്ത കാലത്ത് ടാറിംഗ് നടത്തിയ റോഡുകളാണ് തകർന്നത്. കണ്ണൂർ പ്ലാസയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു
രണ്ട് കാർ,ഒരു ഓട്ടോറിക്ഷ എന്നിവയ്ക്ക് കേടുപാടുകൾ പറ്റി.

കാസർഗോഡ്

ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന കാസർഗോഡ് ശക്തമായ മഴ തുടരുന്നു. ഉദുമ കൊപ്പൽ , കാപ്പിൽ പ്രദേശത്ത് കാറ്റിൽ വ്യാപക നാശനഷ്ടം. വൈദ്യുത പോസ്റ്റുകളും മരവും പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം തകരാറിലായി. തൃക്കണ്ണാടും മംഗൽപ്പാടി പെരിങ്കടി കടപ്പുറത്തും കടൽ ക്ഷോഭം. തൃക്കണ്ണാട് രണ്ട് വീടുകൾ കടൽക്ഷോഭത്തിൽ തകർന്നു. നിരവധി തെങ്ങുകളും മരങ്ങളും കടലെടുത്തു.

ഉപ്പള പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. നിർമാണം നടക്കുന്ന ദേശീയ പാതയിൽ ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ രൂക്ഷമായി. ആശങ്കപ്പെടുത്തുന്ന സാഹചര്യമുള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും നിർമാണ പ്രവൃത്തിയിൽ വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പള്ളിക്കര അങ്കണവാടിയിൽ ക്യാമ്പ് തുറന്നു ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

ALSO READ: ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ

കോഴിക്കോട്

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ ഉച്ചയോടെ മാറി നിന്ന മഴ വൈകിട്ടോടെ ശക്തമായി. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. മയ്യഴിപ്പുഴയുടെ ഭാഗമായ മോന്താൽകടവിൽ കാണാതായ യുവാവിനായി തിരച്ചിൽ നടത്തി. അഗ്നി രക്ഷ സേനയും ചോമ്പാല പൊലീസുമാണ് സ്ഥലത്ത് തിരിച്ചിൽ നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഇരുവഴിഞ്ഞി പുഴയിൽ കാണാതായ ആളെ കണ്ടെത്താനായില്ല. ഉച്ചകഴിഞ്ഞ് 2 മണിയോടെ വടകര ഗവ. ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നു വീണു. ആർക്കും പരുക്കില്ല.

വയനാട്

വയനാട് പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് തകർന്നത്.വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ അപകടം ഒഴിവായി. തവിഞ്ഞാൽ മക്കിമലയിൽ കുടുംബത്തെ മാറ്റി പാർപ്പിച്ചു. വീടിനു പുറകിൽ മണ്ണ് അടിച്ചതിനെ തുടർന്നാണ് മാറ്റിപ്പാർപ്പിച്ചത്. കുറുവ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചു.

മലപ്പുറം

മലപ്പുറം ജില്ലയിൽ 28 മണിയ്ക്കൂറിലേറെ തുടർന്ന കനത്ത മഴ കുറഞ്ഞു. പൊന്നാനി, താനൂർ തീരങ്ങളിൽ കടൽക്ഷോഭത്തിനും ആശ്വാസം. മരം വീണും മണ്ണിടിഞ്ഞും 13 വീടുകൾ തകർന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ദിവസം 86.33 മില്ലിമീറ്റർ മഴയാണ് മലപ്പുറത്ത് ലഭിച്ചത്.

പാലക്കാട്

പാലക്കാടും മഴ ശക്തമാണ്. ഡാമുകളിൽ ജലനിരപ്പ് ഉയർന്നു.

ALSO READ: കനത്ത മഴയിലും കൊച്ചിയില്‍ വെള്ളക്കെട്ടില്ല: സംതൃപ്‌തി പ്രകടിപ്പിച്ച്‌ ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News