സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിന്റെ അടിസ്ഥാനത്തിലാണ്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് ശക്തി കൂടിയ ന്യൂനമര്‍ദ്ദം എന്ന നിലയില്‍ നിന്ന് ഇന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ഈ ചക്രവാതച്ചുഴി മെയ് പത്തോടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തുടക്കത്തില്‍ മെയ് 11, 12 ദിവസങ്ങളില്‍ വടക്ക്- വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം പിന്നീട് വടക്ക്- വടക്ക് കിഴക്കന്‍ ഭാഗത്തേക്ക് ദിശ മാറ്റി ബംഗ്ലാദേശ്-മ്യാന്മാര്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിനൊന്നിനാണ് സംസ്ഥാനത്ത് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനോ കടലില്‍ പോകുന്നതിനോ തടസങ്ങളില്ല.
മെയ് പതിനൊന്നിന് വയനാട് ജില്ലയില്‍ മാത്രമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കണക്കിലെടുത്ത് ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here