പൂഞ്ച് ഭീകരാക്രമണ കേസില്‍ ഭീകരരെ പിടികൂടാന്‍ ഒരുക്കിയിരിക്കുന്നത് വന്‍ സന്നാഹങ്ങള്‍. അപകടം നടന്ന പൂഞ്ചിലെ ഭട്ടാ ദൂറിയന്‍ കൊടും വന മേഖലയാണ്. ഭീകരരെ പിടികൂടാനായി മേഖലയില്‍ എംഐ ഹെലികോപ്ടര്‍, അത്യാധുനിക ഡ്രോണുകള്‍ സ്‌നിഫര്‍ നായ്ക്കള്‍ എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവില്‍ 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് നിര്‍മ്മിത വെടിയുണ്ടകളും ഗ്രനേഡുകളും തോക്കുകളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടുംകാടിന് മധ്യത്തിലുള്ള റോഡിനു കുറുകെ മരത്തടികള്‍ നിരത്തി ട്രക്കിനെ വഴിതടഞ്ഞ ശേഷം ഇരുവശത്ത് നിന്നും വെടിയുതിര്‍ക്കുകയായിരിന്നു. ശ്രീനഗറില്‍ അടുത്തമാസം ജി20 സമ്മിറ്റ് നടക്കാനിരിക്കെ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്‌റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു.
അക്രമകാരികള്‍ ഒരു വര്‍ഷത്തിന് മുകളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് എഡിജിപി മുകേഷ് സിംഗ് എന്നിവര്‍ തൊട്ടടുത്ത ജില്ലയായ രജൗരി ജില്ലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഡിഐജി റാങ്കിലുള്ള ഓഫീസര്‍ നയിക്കുന്ന എന്‍ഐഎ ടീമും സംഭവ സ്ഥലത്ത് എത്തിയിരിന്നു. വ്യാഴാഴ്ച്ച വൈകിട്ട് 3 മണിക്കാണ് സംഭവം. രാഷ്ട്രീയ് റൈഫിള്‍സ് വിഭാഗത്തിലെ സൈനികരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. അക്രമണത്തില്‍ പരിക്കേറ്റ ജവാന്റെ നില ഗുരുതരമായി തുടരുകയാണ്. എല്‍ഒസി യില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം ദൂരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here