യുഎഇയിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ പദ്ധതി: കൈത്താങ്ങുമായി മമ്മൂട്ടി

യുഎഇയിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മമ്മൂട്ടി. യുഎഇയിലെ പ്രവാസി മലയാളികൾക്ക് സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ മുൻനിര ഹോസ്പിറ്റലുകൾ പങ്കാളികളാകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ഒരുക്കിയിരിക്കുന്നത്.

പദ്ധതിയെക്കുറിച്ചുളള വിവരങ്ങൾ നടൻ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് അതിവിദഗ്ദ ഡോക്ടർമാർ സമയബന്ധിതമായി മറുപടി നൽകുന്നതോടൊപ്പം, പ്രവാസികളുടെ ഒറ്റപ്പെട്ടു പോയ നാട്ടിലെ മാതാപിതാക്കൾക്ക് ആശുപത്രിയിൽ എത്തുമ്പോൾ മക്കൾ പരിചരിക്കും പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

ഫാമിലി കണക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ നിർവ്വഹിച്ചു. പ്രവാസി മലയാളികൾക്ക് ലഭിക്കാവുന്ന വലിയ സമ്മാനമെന്ന് പദ്ധതിയെ ഇന്ത്യൻ സ്ഥാനപതി വിശേഷിപ്പിച്ചു. പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മമ്മൂട്ടിയെയും അണിയറ പ്രവർത്തകരെയും സ്ഥാനപതി പ്രശംസിച്ചു. അന്തർദേശീയ ചികിത്സാ നിലവാരത്തിനുളള JCI അംഗീകാരം ഉളളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തെരഞ്ഞെടുത്തതെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു.

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യുഎഇ ഘടകത്തിനാണ് പദ്ധതിയുടെ യുഎഇയിലെ ഏകോപന ചുമതല. പദ്ധതിയിൽ പങ്കാളികളാകാൻ യുഎഇ പ്രവാസികൾക്കും, പ്രവാസി മലയാളി സംഘടനകൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കാളി ആവുന്നതിനും 54 289 3001 (യുഎഇ) / +918590965542 (കേരളം) എന്നീ നമ്പറുകളിൽ നേരിട്ടോ വാട്സ്ആപ് മുഖാന്തരാമോ ബന്ധപ്പെടാവുന്നതാണ്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ച് വലിയ സ്വീകാര്യത കിട്ടിയ “ഫാമിലി കണക്ട്” പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സംഘടകർക്ക് പദ്ധതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News