‘മുറി തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കും’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Hema Committe_woman

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ കേരളം ഞെട്ടുന്ന വിവരങ്ങൾ. സിനിമാ മേഖലയിൽ നടിമാർ നേരിടുന്നത് സമാനതകളില്ലാത്ത പീഡനവും അവഗണനയും. അവസരം ലഭിക്കണമെങ്കിൽ വഴങ്ങേണ്ട അവസ്ഥയാണെന്ന് നടിമാർ നൽകിയ മൊഴി റിപ്പോർട്ടിലുണ്ട്. നടിമാർ താമസിക്കുന്ന ഹോട്ടൽ മുറി തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും മൊഴിയുണ്ട്.

വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത് പതിവാണ്. സഹകരിക്കുന്ന നടിമാർ പ്രത്യേക കോഡ് പേരുകളിലാണ് സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. സഹകരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ട്. നടിമാർക്ക് പുറമെ അവരുടെ ബന്ധുക്കൾക്ക് പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമുണ്ട്.

വഴങ്ങാത്ത നടിമാർക്കെതിരെ പ്രതികാര നടപടി സ്ഥിരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇവർ അഭിനയിക്കുമ്പോൾ അനാവശ്യമായി റിപ്പീറ്റ് ഷോട്ട് എടുക്കാറുണ്ട്. അവസരങ്ങൾ ഇല്ലാതാക്കി സിനിമാ മേഖലയിൽനിന്ന് പുറത്താക്കാനുള്ള ശ്രമവും ഉണ്ട്. പരാതിപ്പെട്ടാൽ സമൂഹമാധ്യമത്തിലൂടെ അപമാനിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഡബ്ലുസിസിയിൽ അംഗത്വം എടുത്തതിന് തൊഴിൽ നിഷേധിച്ചതായും ഒരു നടി മൊഴി നൽകിയിട്ടുണ്ട്.

Also Read- കാസ്റ്റിങ് കൗച്ച് വ്യാപകം, സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍; ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നു; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

ലൊക്കേഷനിൽ സ്ത്രീകൾ കടുത്ത അവഗണനയും ചൂഷണവും നേരിടുന്നുവെന്ന വിവരവും റിപ്പോർട്ടിലുണ്ട്. ലൊക്കേഷനിൽ സ്ത്രീകൾക്ക് ശുചിമുറി ഇല്ലാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.

റിപ്പോർട്ടിലെ 55, 56 പേജുകളിൽ അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണുള്ളത്. നടിമാർക്കെതിരെ ലൈംഗിക അതിക്രമം പതിവാണെന്നും ലൊക്കേഷനിൽ നടിമാർക്കെതിരെ അശ്ലീല കമന്‍റുകൾ സ്ഥിര സംഭവമാണെന്നും റിപ്പോർട്ട് പറയുന്നു. ലൊക്കേഷനിൽ ലഹരി ഉപയോഗവും വ്യാപകമാണന്നും ചില നടിമാർ ഹേമ കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആകെ 233 പേജുകളാണുള്ളത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയതിൽ ഉൾപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News