ഹേമ കമ്മിറ്റി റിപ്പോർട്ട് നീക്കം ചെയ്ത ഭാഗങ്ങൾ പുറത്തുവിടണമെന്ന ഉത്തരവ് ഇന്ന് ഉണ്ടാകില്ല. പുറത്തു വിടരുതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിന്റെ ഭാഗങ്ങൾ പുറത്തുവിടില്ല എന്ന തീരുമാനം കമ്മിറ്റി എടുത്തത്. പരാതി പരിശോധിച്ചതിനു ശേഷമായിരിക്കും ഈ പേജുകൾ പുറത്തുവിടുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത 5 പേജുകൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ അറിയിച്ചത്. റിപ്പോർട്ടിൽ കൂടുതൽ സ്വകാര്യത സംരക്ഷിക്കേണ്ട ഭാഗങ്ങളുണ്ടെങ്കിൽ ഒഴിവാക്കണമെന്ന് ജസ്റ്റിസ് ഹേമ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടത് പ്രകാരമാണ് ആർടിഐ ഉദ്യോഗസ്ഥൻ 11 പാരഗ്രാഫ് നീക്കം ചെയ്തത്.
Also Read: ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം; വിമർശനം തുടർന്ന് കോടതി
എന്നാൽ, ഒഴിവാക്കിയ ഭാഗങ്ങളുടെ പകർപ്പ് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിലാണ് ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മീഷൻ തീരുമാനിച്ചത്. മൊഴി നൽകിയവരുടെയും പരാതിക്കാരുടെയും സ്വകാര്യതയെ മാനിച്ച് നീക്കം ചെയ്ത 49 മുതൽ 53 വരെയുള്ള ഭാഗമാണ് പുറത്തുവിടാനായിരുന്നു തീരുമാനം.
എന്നാൽ ഇതിനെതിരെ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് ഇന്ന് പുറത്തുവിടില്ലെന്ന് കമ്മീഷൻ അറിയിച്ചു. പുതിയ പരാതി പരിഗണിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. അതേസമയം, ലഭിച്ച പരാതി ആരുടേതാണെന്നും എന്താണെന്നും നിലവിൽ കമ്മീഷൻ പുറത്തുവിട്ടിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here