ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ മറച്ചുവെച്ച ഒരു കാര്യം കൂടി ഉണ്ട്; പി എസ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ചെന്നിത്തലക്ക് പ്രതിപക്ഷനേതൃ സ്ഥാനം നഷ്ടപ്പെട്ടത് സംബന്ധിച്ച ആത്മകഥയിലെ ഭാഗമാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നേരിട്ട അവഗണനയായി ചെന്നിത്തല തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് മുന്‍ കെപിസിസി സെക്രട്ടറിയായിരുന്ന പി എസ് പ്രശാന്തിന്റെ പ്രതികരണവും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ ‘പാഴായ ഭൂരിപക്ഷ പിന്‍തുണ ‘എന്ന അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം നൂറ് ശതമാനവും സത്യമാണെന്നാണ് പി എസ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ അതില്‍ ഉമ്മന്‍ ചാണ്ടി മറച്ചുവെച്ച ഒരു വിഷയം കൂടി ഉണ്ടെന്ന് വിശദീകരിച്ചാണ് പി എസ് പ്രശാന്തിന്റെ കുറിപ്പ്. ഉമ്മന്‍ ചാണ്ടിയുടെ താല്‍പര്യത്തെ അട്ടിമറിച്ച് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ പട നയിച്ചത് ഷാഫി പറമ്പിലായിരുന്നുവെന്നും ‘പാഴായ ഭൂരിപക്ഷ പിന്‍തുണ’ എന്ന അദ്ധ്യായം പൂര്‍ണ്ണമാകണമെങ്കില്‍ ‘എ ഗ്രൂപ്പ്’ ഊട്ടി വളര്‍ത്തിയ ഷാഫി പറമ്പിലിന്റെ ചതിയുടെ കഥ കൂടി പറയണമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ ‘പാഴായ ഭൂരിപക്ഷ പിന്‍തുണ ‘ എന്ന അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം നൂറ് ശതമാനവും സത്യമാണ്. പക്ഷേ അതില്‍ ഉമ്മന്‍ ചാണ്ടി സര്‍ മറച്ച് വച്ച ഒരു കാര്യം കൂടി ഉണ്ട്. അന്ന് ഉമ്മന്‍ ചാണ്ടി സാറിന്റെ താല്‍പര്യത്തെ അട്ടിമറിച്ച് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും പട നയിച്ചത് എന്നും എക്കാലവും എ ഗ്രൂപ്പ് തഴുകി വളര്‍ത്തിയ ഷാഫി പറമ്പിലായിരുന്നു എന്ന പച്ചയായ പരമാര്‍ത്ഥം.
അക്കാലത്ത് ഉമ്മന്‍ ചാണ്ടി സാറിനേയും എ ഗ്രൂപ്പ് കേന്ദ്രങ്ങളേയും ഞെട്ടിച്ച സംഭവങ്ങളായിരുന്നു അത്.
‘പാഴായ ഭൂരിപക്ഷ പിന്‍തുണ’ എന്ന അദ്ധ്യായം പൂര്‍ണ്ണമാകണമെങ്കില്‍ എ ഗ്രൂപ്പ് ഊട്ടി വളര്‍ത്തിയ ഷാഫി പറമ്പിലിന്റെ ചതിയുടെ കഥ കൂടി പറയണമായിരുന്നു.
അത് കൂടി പറയാതെ ഉമ്മന്‍ ചാണ്ടി സാറിന് ആത്മകഥയിലെ ആ അദ്ധ്യായം ആത്മാര്‍ത്ഥമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
താനായി വളര്‍ത്തിക്കൊണ്ട് വന്ന ഷാഫിയുടെ രാഷ്ട്രീയ ഭാവിക്ക് ദോഷം വരരുത് എന്ന് കരുതി പുസ്തകം എഴുതിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി സാറിനോട് അക്കാര്യം പരാമര്‍ശിക്കണ്ട എന്ന് ഉമ്മന്‍ ചാണ്ടി സര്‍ പ്രത്യേക നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടാവും.
അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ ഷാഫി പറമ്പിലിനോട് തെരെഞ്ഞെടുപ്പില്‍ യുവജനങ്ങളുടെ പിന്‍തുണക്കായി സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും,അതിന് വേണ്ടി വരുന്ന ഫണ്ടും അന്നത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കൈമാറിയിരുന്നു.
വൈസ് പ്രസിഡന്റായിരുന്ന ശബരിനാഥനെ ഒപ്പം കൂട്ടാനും രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു.
എന്നാലിത് ഭസ്മാസുരന് വരം കൊടുത്തത് പോലെ ആകും എന്ന് ചെന്നിത്തല സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടുണ്ടാവില്ല.
തെരെഞ്ഞെടുപ്പിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കാര്യമായ യുവജനക്ഷേമം പറയാതിരുന്ന ഷാഫി പറമ്പില്‍ തെരെഞ്ഞെടുപ്പിന് ശേഷം യുവാക്കളുടെ താല്‍പര്യം രമേശ് ചെന്നിത്തല മാറണമെന്നാണെന്ന സന്ദേശം ക്യത്യമയി മെയിലൂടെ ഹൈക്കമാന്‍ഡിന് മുന്‍പില്‍ എത്തിച്ചു.വിഡി സതീശന് വേണ്ടിയാണ് ഷാഫി ഈ ചതി ചെയ്തത് എന്നത് അന്ന് ഉമ്മന്‍ ചാണ്ടി സാറിനെ ഉള്‍പ്പടെ ഞെട്ടിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് യൂത്ത് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പ് അട്ടിമറിച്ച് എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒരുമിച്ച് സമവായത്തിലൂടെയാണ് ഷാഫി പറമ്പിലിനെ പ്രസിഡന്റായി തീരുമാനിച്ചത്.എന്നാല്‍ മറ്റ് സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചത് തെരെഞ്ഞെടുപ്പില്‍ കൂടിയും ആയിരുന്നു.
അതു കൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് ഒന്നായി ഷാഫി പറമ്പിലിനെ മാറ്റണം എന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടാല്‍ മാറ്റാന്‍ കഴിയുമെന്നും,അതിന് കെ പി സി സി പ്രസിഡന്റായിരുന്ന കെ സുധാകരന്റെ പിന്‍തുണ കൂടി തേടാനും തീരുമാനം ഉണ്ടായി.
ഈ വിവരം ചോര്‍ന്ന് കിട്ടിയ ഷാഫി പറമ്പില്‍ രായ്ക്ക് രാമാനം കോട്ടയത്തെത്തി ഉമ്മന്‍ ചാണ്ടി സാറിനേയും എ ഗ്രൂപ്പിന്റെ മറ്റ് നേതാക്കളുടേയും മുന്നില്‍ പൊട്ടിക്കരഞ്ഞ യഥാര്‍ത്ഥ്യങ്ങള്‍ മറച്ച് വച്ച് കൊണ്ട് ഉമ്മന്‍ ചാണ്ടി സാറിന് ആത്മകഥയിലെ ‘പാഴായ ഭൂരിപക്ഷം’ എന്ന അദ്ധ്യായം പറഞ്ഞ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
കൂടെ നിന്ന് തന്നെ വഞ്ചിച്ച ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ ഭാവിക്ക് ഒരു ദോഷവും തന്റെ തുറന്ന് പറച്ചില്‍ കൊണ്ട് വരുത്തണ്ട എന്ന് ഉമ്മന്‍ ചാണ്ടി സര്‍ കരുതിക്കാണും. അത് ക്യത്യമായി സണ്ണിക്കുട്ടി സാറിനും അറിയാം എന്നതും ഉറപ്പാണ്.

പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പടുത്താന്‍ ശ്രമിച്ചവരെ കെപിസിസി ഭാരവാഹികളാക്കിയതില്‍ പ്രതിഷേധിച്ച് പി എസ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിലെ ക്രെഡിറ്റ് ആര്‍ക്ക് എന്ന തര്‍ക്കവും വാര്‍ത്താസമ്മേളനത്തിലെ മൈക്ക് പിടിവലിയും ചര്‍ച്ചയാകുന്നതിനിടയിലാണ് പുതിയ വിവാദം. പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമായ രമേശ് ചെന്നിത്തല പുതിയ വിവാദത്തില്‍ കളം പിടിച്ചതോടെ വി ഡി സതീശന്‍ മറുവശത്ത് കൂടുതല്‍ ഒറ്റപ്പെടുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎല്‍എമാരും ചെന്നിത്തലയെയാണ് പിന്തുണച്ചതെന്ന വെളിപ്പെടുത്തലിനെക്കുറിച്ചുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ചെന്നിത്തല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിഷയം ചര്‍ച്ചയായതോടെ പിന്നീട് പിന്‍വലിച്ചെങ്കിലും വിവാദം ഒടുങ്ങുന്നില്ല.

READ MORE:ദില്ലിയില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യിലാണ് ചെന്നിത്തലയെ ഭൂരിഭാഗം എംഎല്‍എമാര്‍ പിന്തുണച്ചിരുന്നതായും ഹൈക്കമാന്‍ഡിന്റെ താത്പര്യമാണ് സതീശനെ തുണച്ചതെന്നുമുള്ള വെളിപ്പെടുത്തലുള്ളത്. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ഉമ്മന്‍ചാണ്ടി ഈ ഭാഗം വിവരിക്കുന്നത്. ഇതോടെ ചെന്നിത്തലയെ അട്ടിമറിച്ച് വി ഡി സതീശനെ പദവിയില്‍ എത്തിച്ചത് ആരെന്ന ചോദ്യവും വീണ്ടും സജീവമായി. തന്നെ പദവിയില്‍ നിന്ന് അവഗണിച്ച് ഇറക്കിവിട്ടുവെന്ന വിഷമം ചെന്നിത്തലക്ക് ഇപ്പോഴും ഉണ്ട്. ഇതിനൊപ്പമാണ് കെ സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ നേരിട്ട ദുരനുഭവം. രണ്ടിലും പ്രതിസ്ഥാനത്തുള്ളത് നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. വാര്‍ത്താസമ്മേളനത്തില്‍ സുധാകരനോട് സതീശന്‍ മോശമായി പെരുമാറിയെന്ന പൊതുവികാരം പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലുമുണ്ട്. ഇതുകൂടി മനസിലാക്കിയാണ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വിവാദത്തിന് തീകൊളുത്തിയതെന്നാണ് വിവരം.

READ MORE:നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍; ആവര്‍ത്തിച്ച് ട്രൂഡോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News