വായ്പ സഹകരണ സംഘങ്ങളിൽ മൂന്ന് തവണ തുടർച്ചയായി ഭരണസമിതി അംഗങ്ങളായവർക്ക് മത്സര വിലക്ക് തുടരും. ഇക്കാര്യത്തിൽ സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച സിംഗിൾ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സർക്കാർ സമർപ്പിച്ച 30 അപ്പീൽ ഹർജികൾ ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസുമാരായ അമിത് റാവൽ കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. നിലവിൽ തെരഞ്ഞെടുപ്പ് നടന്ന സഹകരണ സംഘങ്ങൾക്ക് ഇടക്കാല ഉത്തരവ് ബാധകമല്ലന്നും തെരഞ്ഞെടുപ്പുകൾ ഡിവിഷൻ ബഞ്ചിൻ്റെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
also read: വി ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് കെ സുധാകരൻ പറഞ്ഞിട്ടെന്ന് അൻവർ പറഞ്ഞു; എ എച്ച് ഹഫിസ്
2024 ജൂൺ 7നാണ് സഹകരണ നിയമ ഭേദഗതി നിലവിൽ വന്നത്. 56 വ്യവസ്ഥകൾ ഭേദഗതി ചെയ്ത് നിയമസഭ ഐക്യകണ്ഠേന പാസാക്കിയ നിയമ ഭേദഗതി റദ്ദാക്കിയത് സുപ്രീം കോടതി ഇക്കാര്യത്തിൽ പുറപ്പെട്ട വിച്ച വിധി ന്യായങ്ങൾ വിലയിരുത്താതെയാണെന്ന് സർക്കാർ ബോധിപ്പിച്ചു. വിവിധ സംഘങ്ങളിൽ നടന്ന ക്രമക്കേടുകൾ വിലയിരുത്തിയാണ് സമഗ്രമായ നിയമ ഭേദഗതി കൊണ്ടു വന്നതെന്നും വായ്പ സഹകരണ സംഘങ്ങളിൽ മാത്രമാണ് തൽക്കാലം ഈ വ്യവസ്ഥ നിലവിൽ വന്നതെന്നും സർക്കാർ വിശദീകരിച്ചു.
നിയമ നിർമ്മാണത്തിൽ കോടതി ഇടപെടൽ ഉണ്ടാവേണ്ട കാര്യമല്ല ഇതെന്നും സിംഗിൾ ബഞ്ച് വിധി നിയമപരമല്ലന്നും സർക്കാർ വിശദികരിച്ചു. സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പ്, സഹകരണ സ്പെഷ്യൽ ഗവ. പ്ലീഡർ പി.പി. താജുദീൻ എന്നിവർ ഹാജരായി. അപ്പിൽ ഹർജികൾ ഡിവിഷൻ ബഞ്ച് വിശദമായ വാദത്തിനായി മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here