ഗവര്‍ണര്‍ക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് എ ബി വി പി ക്കാരെ നാമനിര്‍ദേശം ചെയ്ത ചാന്‍സലറുടെ നടപടിയ്ക്കുള്ള സ്റ്റേ ഹൈക്കോടതി വീണ്ടും നീട്ടി. ഈ മാസം 13 വരെയാണ് സ്റ്റേ നീട്ടിയത്. ഹര്‍ജി വീണ്ടും 13 ന് പരിഗണിക്കും.

കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് എ ബി വി പിക്കാരെ നാമനിര്‍ദേശം ചെയ്തതുമായി ബന്ധപ്പെട്ട് നാലാം തവണയാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവരുന്നത്.സെനറ്റിലേക്ക് വിസി നല്‍കിയ പട്ടിക തള്ളിക്കൊണ്ട് ചാന്‍സലര്‍ സ്വന്തം നിലയില്‍ ശുപാര്‍ശ ചെയ്തവരില്‍ നാലുപേരുടെ നിയമനം കോടതി കഴിഞ്ഞ ഡിസംബര്‍ 12 ന് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്ന ചാന്‍സലറുടെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു.

കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിച്ചപ്പോള്‍ എതിര്‍ കക്ഷികളും ചാന്‍സലര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത് വിദ്യാര്‍ഥികളുമായ എ ബി വി പി പ്രവര്‍ത്തകര്‍,തങ്ങള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.ഇതെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റിയ കോടതി ചാന്‍സലറുടെ നടപടിയ്ക്കുള്ള സ്റ്റേ അന്നുവരെ നീട്ടുകയും ചെയ്തു.സെനറ്റിലേയ്ക്ക് ആരെ നാമനിര്‍ദേശം ചെയ്യണമെന്നത് തന്റെ വിവേചനാധികാരമാണെന്നായിരുന്നു ചാന്‍സലറുടെ വാദം.

Also Read : കൊച്ചി കോര്‍പറേഷന്‍ ബജറ്റ് അവതരണം അലങ്കോലപ്പെടുത്തി പ്രതിപക്ഷം; ബജറ്റ് കോപ്പികള്‍ കീറിയെറിഞ്ഞു

എന്നാല്‍ വി സിയുടെ പട്ടിക തള്ളി ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സര്‍വകലാശാലയിലെ റാങ്ക് ജേതാക്കളായ നാലു വിദ്യാര്‍ഥികള്‍, കലാപ്രതിഭ , ദേശീയ തലത്തില്‍ ശദ്ധിക്കപ്പെട്ട കായികതാരം എന്നിവര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് വിസി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കിയത്.

എന്നാല്‍ അവരെയെല്ലാം ഒഴിവാക്കിയാണ് എബിവിപിക്കാര്‍ ഉള്‍പ്പടെ 17 പേരെ ഗവര്‍ണര്‍ സ്വന്തം നിലയില്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്.ഇത് ചോദ്യം ചെയ്താണ് വി സി നല്‍കിയ പട്ടികയിലെ നാലുവിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.ഹ്യുമാനിറ്റീസ്, സയന്‍സ്, കല, കായികം എന്നീ മേഖലകളില്‍ ഉന്നത മികവ് പുലര്‍ത്തുന്നവരെയാണ് സെനറ്റിലേക്ക് ശുപാര്‍ശ ചെയ്യേണ്ടതെന്നിരിക്കെ ഗവര്‍ണര്‍ ഈ മാനദണ്ഡം പൂര്‍ണ്ണമായും ലംഘിച്ചുവെന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം.

സര്‍വകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരല്ല നാമ നിര്‍ദേശം ചെയ്യപ്പെട്ടതെന്നും ചാന്‍സിലര്‍ ശുപാര്‍ശ ചെയ്ത നാല് പേരെയും പുറത്താക്കണമെന്നും വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News