എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ ഏർപ്പെടുത്തി ഹൈക്കോടതി. റിട്ട .ജസ്റ്റിസ് കെ രാമകൃഷ്ണൻ അധ്യക്ഷനായ അഞ്ചംഗ സമിതി തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കും. ക്രോഡീകരിച്ച അംഗത്വ പട്ടിക എസ്എൻഡിപി യോഗം നിരീക്ഷണ സമിതിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
എസ്എൻഡിപി യോഗം ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെ റിസീവയോ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രൊഫസർ എം കെ സാനു അഡ്വക്കേറ്റ് എം കെ ശശീന്ദ്രൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. എസ്എൻഡിപി യോഗത്തിൽ ശരിയായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഹർജി പരിഗണിച്ച കോടതി യോഗം തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.
ജസ്റ്റിസ് കെ രാമകൃഷ്ണനാണ് നിരീക്ഷണ സമിതി അധ്യക്ഷൻ. വോട്ടർ പട്ടിക സംബന്ധിച്ച് സുപ്രധാന നിർദ്ദേശങ്ങളും സിംഗിൾ ബഞ്ച് പുറപ്പെടുവിച്ചു. ക്രോഡീകരിച്ച അംഗത്വ പട്ടിക എസ്എൻഡിപി യോഗം നിരീക്ഷണ സമിതിക്ക് നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ യോഗ്യരായവരുടെ അംഗത്വ പട്ടിക സമിതിക്ക് കൈമാറാൻ ഹൈക്കോടതി നിലവിലെ ഭരണസമിതിക്ക് നിർദേശം നൽകി. അംഗങ്ങളുടെ ഏതെങ്കിലും ഐഡി കാർഡ് ഉപയോഗിച്ച് തയാറാക്കിയ പട്ടികയാവണം സമിതിക്ക് കൈമാറുന്നത്. പട്ടിക പരിശോധിച്ച് നിരീക്ഷണ സമിതി ഒരു മാസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണം. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചു. ഈ മാസം 28 ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here