എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്.
കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.
ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ച് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോയി വർഗീസ് തള്ളി. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
2021 ഡിസംബർ 18ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, ഷാൻ വധക്കേസിന്റെ പ്രതികാരമായി ബി.ജെ.പി നേതാവ് രൺജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ട വധശിക്ഷ വിധിച്ചിരുന്നു. ഷാൻ വധത്തിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here