അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ കോടതിയുടെ നിർദ്ദേശം

ഇടുക്കിയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. വിഷയം പഠിക്കാനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആനയെ പിടികൂടി മാറ്റി പാർപ്പിക്കുന്നതിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

മൂന്നാറിൽ അക്രമം തുടരുന്ന അരിക്കൊമ്പനെ പിടികൂടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായിരുന്നു വനം വകുപ്പും സർക്കാരും ശ്രമിച്ചത്. അരിക്കൊമ്പൻ അപകടകാരിയാണെന്നാണ് വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. അരിക്കൊമ്പൻ ഏഴു പേരെയാണ് കൊലപ്പെടുത്തിയത്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. മൂന്ന് റേഷൻ കടകളും തകർത്തു. 2017-ൽ മാത്രം തകർത്തത് 52 വീടുകളും കടകളുമാണ്. അതിനാൽ നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്ന് വനംവകുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യുമെന്നും വനം വകുപ്പ് സത്യവാങ്ങ്മൂലത്തിൽ വിശദീകരിച്ചു. അരിക്കൊമ്പൻ മൂലം ജനങ്ങൾ ഭീതിയിലാണെന്ന് വനം മന്ത്രിയും കോടതിയെ അറിയിച്ചു. എന്നാൽ കൊടും വനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ആനയുടെ ആവാസ മേഖലയിലേയ്ക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും കോടതി ചോദിച്ചു.

അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരം. വിഷയം വിശദമായി പരിശോധിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും അമിക്കസ് ക്യൂറിയും ഉൾപ്പെടുന്ന വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിനു ശേഷം ആനയെ പിടിച്ച് മാറ്റി പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പിടികൂടാൻ പോയ വനം വകുപ്പ് ഉദ്യോഗസ്ഥർ തൽക്കാലം മൂന്നാറിൽ തുടരട്ടെയെന്നും പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News