ഡ്യൂട്ടിക്കിടെ വനിതാ ഡോക്‌ടര്‍ കുത്തേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് ഹൈക്കോടതി

കൊട്ടാരക്കര താലൂക്കാശുപത്രിയിലെ വനിതാ ഡോക്‌ടർ പരിശോധനക്കെത്തിയയാളുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ റിപ്പോർട്ട് നൽകണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. നാളെ രാവിലെ പത്തിന് ഡിജിപി ഓൺലൈനായി ഹാജരാകണമെന്നും ജസ്‌റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കൊട്ടാരക്കര താലൂക്കാശുപത്രിയിലെ വനിതാ ഡോക്‌ടർ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഇത്രയും പൊലീസുകാര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് സംരക്ഷണം നല്‍കിയില്ലെന്ന് കോടതി ചോദിച്ചു. അക്രമം നടത്തിയ ആള്‍ പ്രതിയായിരുന്നില്ലെന്നും മര്‍ദനമേറ്റുവെന്ന പരാതിയുമായി എത്തിയതാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇയാളെ ചികിത്സിക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടറുടെ മുറിയിലെത്തും വരെ ശാന്തനായിരുന്ന ഇയാള്‍ മുറിവ് പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.
എന്നാല്‍ സാഹചര്യം മുന്‍കൂട്ടിക്കണ്ട് അക്രമം തടയാന്‍ പൊലീസിന് കഴിയണമായിരുന്നുവെന്ന് കോടതി പറഞ്ഞു.

ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണം. സ്ഥലം മജിസ്‌ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. പ്രതികളെ ഡോക്‌ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോൾ എന്തെല്ലാം സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്ന് സർക്കാർ നാളെ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നാളെ രാവിലെ 10ന് ഡിജിപി ഓണ്‍ലൈനായി ഹാജരാകുകയും സംഭവത്തെ സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News