കുഡുംബി സമുദായത്തിന് സംവരണം നല്‍കുന്നുമായി ബന്ധപ്പെട്ട കേസില്‍ കിര്‍ത്താര്‍ഡ്‌സിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് ഷാജി. പി.ചാലി, കേസിന്റെ ഗൗരവം കണക്കിലെടുത്ത് കൊണ്ട് മദ്ധ്യ വേനല്‍ അവധിക്കു ശേഷം തുടര്‍ വാദത്തിന് വച്ചു.
കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഒരിക്കല്‍ കൂടി കുഡുംബി സമുദായതിനെ പട്ടികജാതി വിഭാഗത്തില്‍ ചേര്‍ക്കുന്നതിന് ശിപാര്‍ശ ചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ പ്രസ്തുത ഫയല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ത്താര്‍ഡ്‌സിനെ ഏല്‍പിച്ചിരുന്നു. ആറു വര്‍ഷം കഴിഞ്ഞിട്ടും കേരള സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാത്തത് ചോദ്യം ചെയ്തു കൊണ്ടാണ് ഹര്‍ജിക്കാരായ അഡ്വ. കെ.എസ്. ധനേഷ് കുമാറും കുഡുംബി യുവജന സംഘം മുന്‍ സംസ്ഥാന പ്രസിഡന്റ് മനോജ് മണിയനും ചേര്‍ന്ന് സമയബന്ധിതമായി കിര്‍ത്താര്‍ഡ്‌സിനോട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യിക്കണം എന്ന് ആവശ്യപ്പെട്ടിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
സാമ്പത്തികവും സാമൂഹികവുമായി പിന്നോക്ക അവസ്ഥയിലുള്ള ഭാഷാ ന്യൂനപക്ഷമായ കുഡുംബി സമുദായത്തിലെ അംഗങ്ങള്‍ക്ക് കേരളത്തില്‍ ജോലി സംവരണത്തിനായാലും ഈ സമുദായത്തെ പട്ടിക വര്‍ഗ്ഗത്തില്‍ ചേര്‍ക്കാനായാലും കിര്‍ത്താര്‍ഡ്‌സിന്റെ റിപ്പോര്‍ട്ട് അനിവാര്യമായിരിക്കെ, സര്‍ക്കാര്‍ ഏജന്‍സിയായ കിര്‍ത്താര്‍ഡ്‌സിന്റെ ഭാഗത്തു നിന്നുള്ള അനാവശ്യവും കുറ്റകരവുമായ കാലതാമസം നീതീ കരിക്കാവുന്നതും ന്യായീകരിക്കാവുന്നതുമായ ഒന്നല്ല എന്ന് ഹര്‍ജിയില്‍ ചൂണ്ടി കാണിക്കുന്നു. 1981 ല്‍ കിര്‍ത്തിര്‍ഡ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ടു പ്രകാരം കുഡുംബി സമുദായത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണം തൊട്ടുകൂടായ്മയല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പട്ടിക വര്‍ഗ്ഗത്തില്‍ ചേര്‍ക്കാനായ പുതിയ മാനദണ്ഢങ്ങള്‍ എല്ലാം അന്നത്തെ റിപ്പോര്‍ട്ടില്‍ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.
2021 ജനുവരി മാസം 18 ന് വി.ഡി.സതീശന്‍ എംഎല്‍എ കിര്‍ത്താര്‍ഡ്‌സ് റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന് വേണ്ടി നല്‍കിയ മറുപടി രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാതെ വന്നപ്പോള്‍ വൈപ്പിന്‍ എം.എല്‍.എ കെ. എന്‍ ഉണ്ണികൃഷണന്‍ 2022 ആഗസ്റ്റ് മാസം 29 ന് നല്‍കിയ മറുപടി കിര്‍ത്താര്‍ഡ്‌സ് വിഷയം പഠിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. നിയമസഭാ രേഖകള്‍ സഹിതം ഹാജരാക്കിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോവയില്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ കുപ്രസിദ്ധവും ക്രൂരവുമായ ക്രിസ്തീയ മത പരിവര്‍ത്തനത്തെ എതിര്‍ത്ത് കടല്‍ മാര്‍ഗ്ഗം പാലായനം ചെയ്ത് കേരളത്തില്‍ കുടിയേറിയ കുന്‍ബികളുടെ പിന്‍ തല മുറക്കാരാണ് കേരളത്തിലെ കുഡുംബി സമുദായക്കാര്‍. കേരളത്തില്‍ കുഡുംബി സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നത് രാഷ്ട്രീയ ഭേദമെന്യെ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. കേരള സര്‍ക്കാര്‍ ഈ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് 2008 ല്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശയും ചെയ്തിരുന്നു. എന്നാല്‍ അതിനു മുന്‍പ് 2002 ല്‍ തന്നെ ഗോവയിലുളള കുന്‍ബി സമുദായത്തെ പട്ടിക വര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍ പുതിയതായി ഉള്‍പ്പെടുന്ന സമുദായങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗരേഖകള്‍ 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കുഡുംബി സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാകില്ല എന്ന കാരണത്താല്‍, 2013 ല്‍ , കേന്ദ്ര സര്‍ക്കാര്‍ , കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാര്‍ശ മടക്കി. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ മാതൃക 2017 ജനുവരിയില്‍ മാത്രമാണ് കേരള സര്‍ക്കാരിന് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here