നടിയെ ആക്രമിച്ച കേസ്സിൽ ദിലീപിന് വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. കേസിലെ എട്ടാം പ്രതിയായ ദിലീപിൻ്റെ എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് കെ ബാബുവിൻ്റെ ഉത്തരവ്.
അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബഞ്ചിൻ്റെ അനുകൂല ഉത്തരവ്.അന്വേഷണ റിപ്പോർട്ട് രഹസ്യരേഖയല്ലെന്ന് വ്യക്തമാക്കിയ കോടതി നടി ക്ക് പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി.
മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം സെഷൻസ് കോടതി നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ടാണ് നടിക്ക് ലഭിക്കുക.
റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. നടിയുടെ ഹരജി യെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. നടിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക് പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപിൻറെ ആവശ്യം. എന്നാൽ ദിലീപിൻ്റെ ഈ ആവശ്യം കോടതി തള്ളി.
താന്‍ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്ന സംഭവത്തിൽ നടി ദീർഘകാലമായി നടത്തുന്ന നിയമ പോരാട്ടത്തിൻ്റെ വിജയം കൂടിയാണ് ഇന്നത്തെ ഹൈക്കോടതി ഉത്തരവ് തൻ്റെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങൾ മറ്റാരോ കാണുകയോ പകര്പ്പ് എടുക്കുകയോ ചെയ്തുവെന്നാണ് നടിയുടെ പരാതി. ഹാഷ് വാല്യു മാറിയെന്ന് പരിശോധനയിൽ വ്യക്തമായതോടെ സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി സെഷൻസ് കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിൽ നിർണ്ണായക വിവരങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here