നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവെയ്ക്കണമെന്ന കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോ എന്നും ദിലീപിന് മാത്രമാണല്ലോ പരാതിയെന്നും ഹൈക്കോടതി ചോദിച്ചു. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജി വിധി പറയാന്‍ മാറ്റി. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ രഞ്ജിത്ത് മാരാര്‍ ആണ് അമികസ് ക്യൂറി.
also read :തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക
മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശ്യമെന്നായിരുന്നു ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ദിലീപ് ഇക്കാര്യം ഉന്നയിച്ചത്. സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടര്‍മാരെ ഒഴിവാക്കിയും വിചാരണ ഒരു വര്‍ഷം തടസപ്പെടുത്തുന്ന സാഹചര്യമുണ്ടായിയെന്നും ഹര്‍ജിയില്‍ വാദം നടക്കുന്നത് വിചാരണയെ ബാധിക്കുമെന്നും ദിലീപ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
also read :സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പം; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്
നേരത്തേ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് അവഗണിക്കണെമന്നാണോ ദിലീപ് പറയുന്നതെന്ന് അതിജീവിത ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതി സ്വമേധയാ ഇടപെടണം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതുവഴി നിര്‍ണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണ് നടന്നതെന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹ മാധ്യമ അക്കൗണ്ടുകളുള്ള മൊബൈല്‍ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here