പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്‍റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവെച്ചു.എതിര്‍ സ്ഥാനാര്‍ഥിയായ യു ഡി എഫിലെ സിറിയക് തോമസ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് മേരി ജോസഫ് തള്ളി.വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതെന്നടക്കമുള്ള ആരോപണങ്ങൾ കോടതി തള്ളുകയായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട് മണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി വാഴൂര്‍ സോമന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ഥി സിറിയക് തോമസ് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഇത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമെന്നുമായിരുന്നു ഹർജിക്കാരൻ്റെ ആരോപണം.
നാമനിർദ്ദേശ പത്രികയോട് ഒപ്പമുള്ള സത്യവാങ്മൂലത്തിലെ 16 കോളങ്ങൾ പൂരിപ്പിക്കാതെ വിട്ടു എന്നും ആരോപണമുന്നയിച്ചിരുന്നു.ഈ സാഹചര്യത്തില്‍ സത്യവാങ്മൂലം അംഗീകരിച്ചത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ വിജയം റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം.എന്നാല്‍ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.ഇതെത്തുടര്‍ന്ന് സിറിയക് തോമസിന്‍റെ ഹര്‍ജി തള്ളിയ ജസ്റ്റിസ് മേരി ജോസഫ് വാഴൂര്‍ സോമന്‍റെ തെരഞ്ഞെടുപ്പ് വിജയം ശരിവെക്കുകയായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1835 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാഴൂര്‍ സോമന്‍ വിജയിച്ചത്.
ALSO READ: ജൂണില്‍ ബാങ്കുകള്‍ ഈ ദിവസങ്ങളില്‍ തുറക്കില്ല, ആര്‍ബിഐ ഹോളിഡേ കലണ്ടര്‍ ഇങ്ങനെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here