തലശ്ശേരി പാനൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് ആര്‍എസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവച്ചു. സിപിഎം പ്രവര്‍ത്തകനായ തഴയില്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കാണ് തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും തലശ്ശേരി സെഷൻസ് കോടതി വിധിചിരുന്നത്. ജസ്റ്റിസ് പിബി സുരേഷ് കുമാർ, ജസ്റ്റിസ് സി പ്രതീപ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ ശരിവെച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ഇസി ബിനീഷ് ഹാജരായി.
ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ പാനൂര്‍ കുറ്റേരി സ്വദേശി സുബിന്‍ എന്ന ജിത്തു, മൊകേരി വള്ളങ്ങാട് പുതിയോത്ത് അനീഷ് എന്ന ഇരുമ്പന്‍ അനീഷ്, തെക്കേ പാനൂരിലെ പിപി പുരുഷോത്തമന്‍, മൊകേരി വള്ളങ്ങാട് ഇപി രാജീവന്‍ എന്ന പൂച്ച രാജീവന്‍, തെക്കേ പാനൂരിലെ എന്‍കെ രാജേഷ് എന്ന രാജു, പാനൂര്‍, പന്ന്യന്നൂര്‍ ചമ്പാട് സ്വദേശി കെ രതീശന്‍ എന്നിവരെയാണ് ശിക്ഷിച്ചിരിക്കുന്നത്.
കൊലപാതകം കൂടാതെ അതിക്രമിച്ച് കടക്കല്‍, ആയുധവുമായി സംഘം ചേരല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. 2002 ഫെബ്രുവരി പതിനഞ്ചിനാണ് സിപിഎംകാരനായ അഷ്‌റഫ് കൊല്ലപ്പെട്ടത്. പാനൂര്‍ ബസ്റ്റാന്‍ഡിലെ കടയില്‍ വെച്ചാണ് ആറംഗ സംഘം അഷ്‌റഫിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വാഹനം വാങ്ങാന്‍ എത്തിയതായിരുന്നു അഷ്‌റഫ്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here