നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തീർപ്പാക്കി. ദിലീപിനെതിരായ ആരോപണങ്ങളുടെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും ജാമ്യം റദ്ദാക്കിയാൽ അത് നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്.
ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി സിംഗിൾ ബഞ്ച് തീർപ്പാക്കുകയായിരുന്നു. എന്നാൽ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ കോടതി ഉത്തരവിൻ്റെ ഭാഗമായി ചേർത്തിട്ടുണ്ട്. ദിലീപിനെതിരായ ആക്ഷേപത്തിൻ്റെ മെറിട്ടിലേക്ക് കടക്കുന്നില്ലന്ന്  കോടതി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിലാണ്,  ഇപ്പോൾ  ജാമ്യം റദ്ദാക്കിയാൽ കൂടുതൽ നിയമ പ്രശ്നങ്ങളിലേക്ക് പോകുമെന്നും കൂടുതൽ സങ്കീർണ്ണതകൾക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടപടികളെ ബാധിക്കുമെന്നും സിംഗിൾ ബഞ്ച് വിലയിരുത്തി. ക്രൈംബ്രാഞ്ച് ഹർജി നിരസിച്ചു കൊണ്ട് വിചാരണക്കോടതി നടത്തിയ പരാമർശങ്ങൾ വിചാരണയെ ഒരു കാരണവശാലും സ്വാധീനിക്കരുതെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് സോഫി തോമസ് നിർദ്ദേശിച്ചു.
ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. കേസിൽ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിൻ്റെയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിൻ്റെയും തെളിവുകൾ ക്രൈംബ്രാഞ്ച് ഹാജരാക്കി. എന്നാൽ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി ആരോപണങ്ങളുടെ മെറിറ്റിലേക്ക് കടക്കാതെ ക്രൈംബ്രാഞ്ച് ഹർജി കോടതി തീർപ്പാക്കുകയായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News