‘നഷ്ടപ്പെട്ട ബാല്യത്തിന് പകരമാകാൻ ഒന്നിനും കഴിയില്ല’; അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

high-court-kerala

അഞ്ച് വയസുള്ളപ്പോൾ നടന്ന അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം. കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും കിടപ്പിലായ കുട്ടിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കേസിൽ മോട്ടോര്‍വാഹന ട്രിബ്യൂണല്‍ 44.94 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇതിനുപുറമെയാണ് 84.87 ലക്ഷം രൂപകൂടി നഷ്ടപരിഹാരമായി നൽകണമെന്ന് ജസ്റ്റിസ് എസ് ഈശ്വരന്‍ ഉത്തരവിട്ടത്. ഈ തുക നല്‍കുന്നതുവരെ 9% പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

നഷ്ടപ്പെട്ട ബാല്യത്തിന് പകരമാകാൻ ഒന്നിനും കഴിയില്ലെന്നുള്ള വിലയിരുത്തലോടെയയാണ് ഹൈക്കോടതി ഇന്‍ഷുറന്‍സ് തുക വർധിപ്പിച്ച് ഉത്തരവിറക്കിയത്. മൂവാറ്റുപുഴ കാരിയ്ക്കല്‍ സ്വദേശിയായ ജ്യോതിസ് രാജ് എന്ന 12 വയസുകാരനാണ് ഹൈക്കോടതി നഷ്ടപരിഹാരത്തുക അനുവദിച്ചത്. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 44.94 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇഷുറൻസ് കമ്പനി അപ്പീൽ നൽകി. ഈ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്നുകാട്ടി കുട്ടിയുടെ അച്ഛന്‍ രാജേഷും അപ്പീല്‍ നല്‍കിയിരുന്നു.

കുട്ടിക്ക് 77 ശതമാനം വൈകല്യം ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ 100 ശതമാനവും വൈകല്യമുള്ളതായി കണക്കാക്കിയാണ് ഹൈക്കോടതി ഉയര്‍ന്ന തുക അനുവദിച്ചത്. രണ്ടുപേര്‍ക്കായി 37.80 ലക്ഷം രൂപ കുട്ടിയെ പരിചരിക്കുന്നതിനുള്ള ചെലവിലേക്ക് അനുവദിച്ചിട്ടുണ്ട്. കൂടാതെ അപകടംമൂലം അനുഭവിച്ച വേദനയ്ക്കും ദുരിതത്തിനുമായി 15 ലക്ഷം രൂപ അനുവദിച്ചു.

അടിസ്ഥാന ശമ്പളമായി സർക്കാർ നിശ്ചയിച്ചിട്ടുള്ള 17,325 രൂപ കുട്ടിയുടെ വരുമാനമായി കണക്കാക്കിയാണ് കോടതി നഷ്ടപരിഹാരം നിര്ണയിച്ചിരിക്കുന്നത്. 2016 ഡിസംബര്‍ 3 ന് മേക്കടമ്പ് പഞ്ചായത്തിനു സമീപമാണ് അപകടമുണ്ടായത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു. അന്ന് അപകടത്തിൽപ്പെട്ട ആനകുത്തിയില്‍ രാധ (60), രജിത (30), നിവേദിത (6) എന്നിവര്‍ അന്നേദിവസം തന്നെ മരിച്ചു. മരിച്ച രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News