എംഎല്‍എയെ കൊലപ്പെടുത്തിയെന്ന കേസ്; അഫ്‌സല്‍ അന്‍സാരി എംപിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

എംഎല്‍എയെ കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്ന അഫ്‌സല്‍ അന്‍സാരി എംപിയുടെ ശിക്ഷ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടമാകില്ലെന്നുറപ്പായി. കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരും കൃഷ്ണാനന്ദ റായിയുടെ മകനും സമര്‍പ്പിച്ച അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. നേരത്തെ, ബിജെപി എംഎല്‍എയായിരുന്ന കൃഷ്ണാനന്ദ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഫ്‌സല്‍ അന്‍സാരി കുറ്റക്കാരനാണെന്ന് ഗാസിപൂര്‍ പ്രത്യേക കോടതി കണ്ടെത്തി അദ്ദേഹത്തിന് ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷയ്‌ക്കെതിരെയാണ് അഫ്‌സല്‍ അന്‍സാരി ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയത്.

ALSO READ: വഞ്ചിയൂരിൽ യുവതിയെ വെടിവെച്ച സംഭവം; കൃത്യത്തിന് ശേഷം വാഹനം പോയത് കൊട്ടാരക്കരയിലേക്ക്

കൊലപാതകവുമായി ബന്ധപ്പെട്ട് നാലു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു അഫ്‌സലിന് കോടതി വിധിച്ചിരുന്നത്. അതേസമയം, ശിക്ഷ കോടതി ശരിവെക്കുകയായിരുന്നെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അഫ്‌സലിന് ലോക്സഭാംഗത്വം രാജിവെക്കേണ്ടി വരുമായിരുന്നു. മാത്രമല്ല, അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യതയും അദ്ദേഹത്തിന് നേരിടേണ്ടി വന്നേനെ. 2005-ലാണ് കൃഷ്ണാനന്ദ്‌റായ് കൊല്ലപ്പെടുന്നത്. ഗുണ്ടാത്തലവനും എംഎല്‍എയുമായിരുന്ന മുക്താര്‍ അന്‍സാരിയുടെ സഹോദരനാണ് അഫ്സല്‍ അന്‍സാരി. കൃഷ്ണാനന്ദ് റായ് കൊലക്കേസില്‍ മുക്താര്‍ അന്‍സാരിയും ശിക്ഷിക്കപ്പെട്ടിരുന്നു. 10 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുടെ ടിക്കറ്റില്‍ മത്സരിച്ചാണ് അന്‍സാരി വിജയിച്ചത്. ബിജെപിയുടെ പരസ്‌നാഥ് റായ്, ബിഎസ്പിയുടെ ഉമേഷ്‌കുമാര്‍ സിങ് എന്നിവരായിരുന്നു എതിരാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News