റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി കേരളം. നിർമ്മാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾ ദേശീയ ശരാശരിയേക്കാൾ ഗണ്യമായി വരുമാനം നേടുന്നതായി റിപ്പോർട്ട് പറയുന്നു. ദേശീയ ശരാശരിയായ 417 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിർമ്മാണ തൊഴിലാളികൾ ശരാശരി 894 രൂപ പ്രതിദിന വേതനം നേടുന്നുണ്ട്.
കേരളത്തിൽ സാധാരണ കർഷക തൊഴിലാളികൾ പ്രതിദിനം 807 രൂപ സമ്പാദിക്കുന്നു, ഇത് ദേശീയ ശരാശരിയായ 372 രൂപയേക്കാൾ നേക്കാൾ വളരെ കൂടുതലാണ്. ദേശീയ ശരാശരിയായ 371 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ കർഷകേതര തൊഴിലാളികൾ പ്രതിദിനം 735 രൂപ സമ്പാദിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കീഴിലുള്ള ശക്തമായ സംസ്ഥാന നയങ്ങൾ, ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനം, തൊഴിലാളികളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് ഈ നേട്ടത്തിന് കാരണം. ഈ നടപടികൾ തൊഴിലാളികൾക്ക് ന്യായമായ വേതനവും മികച്ച വാങ്ങൽ ശേഷിയും ഉറപ്പാക്കുകയും കൂടുതൽ സുസ്ഥിരവും തുല്യവുമായ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും ചെയ്തു. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കി തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. തൊഴിൽ മേഖലയിലെ തർക്കങ്ങൾ കേരളത്തിൽ വളരെ കുറവാണ്. തർക്കങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ലേബർ ഓഫീസർമാർ ഇക്കാര്യത്തിൽ ഇടപെട്ട് രമ്യമായ പരിഹാരങ്ങൾ കാണുന്നുണ്ട്.
ALSO READ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
രാജ്യത്ത് തന്നെ പൊതുമേഖലാ നിയമനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. 85 മേഖലകളിൽ മിനിമം വേതനം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്. കൂടുതൽ വ്യവസായ സൗഹൃദവും തൊഴിൽ സൗഹൃദവുമായ സംസ്ഥാനം ആയിരിക്കുകയാണ് കേരളം. ഇത് കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമായി. രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാകുമ്പോഴാണ് തൊഴിൽ മേഖലയിലെ കേരളത്തിന്റെ ഈ മുന്നേറ്റം. ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ചിന്റെ പഠനത്തിലും സംസ്ഥാനം തൊഴിൽ മേഖലയിൽ കൂടുതൽ വളർച്ച കൈവരിച്ചതായി കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here