‘ഹൈറിച്ച്’ മണി ചെയിന്‍ തട്ടിപ്പ് കേസ്; തെരച്ചില്‍ ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം

ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസില്‍ പ്രതികളായ ഉടമകള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം. കേസില്‍ ഹൈറിച്ച് ഉടമകളുടെ 203 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു. പ്രതികളെ തേടി അന്വേഷണസംഘം വീട്ടിലെത്തിയപ്പോള്‍ വിവരം നേരത്തെ മനസ്സിലാക്കി കടന്നു കളയുകയായിരുന്നു

1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളായ ദമ്പതികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കഴിഞ്ഞ ദിവസമാണ് കടന്നു കളഞ്ഞത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കെ.ഡി.പ്രതാപന്‍, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ഇഡി റെയിഡിനെത്തുന്നതിന് തൊട്ടു മുമ്പ് ജീപ്പില്‍ ഡ്രൈവര്‍ക്കൊപ്പം രക്ഷപ്പെട്ടത്. ഹൈറിച്ച് ദമ്പതിമാര്‍ 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പൊലീസ് റിപ്പോര്‍ട്ട്.

Also Read: ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തലകുനിക്കില്ല: മന്ത്രി വി ശിവൻകുട്ടി

ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പോലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളില്‍ നിന്നാണ് സ്ഥാപനം പണം തട്ടിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്പന്‍ നികുതിവെട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. സ്ഥാപനത്തിന്റെ എം.ഡി തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ഡി. പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാന ജി.എസ്.ടിയുടെ കാസര്‍കോട് ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഈ കേസില്‍ പ്രതാപന്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഹൈറിച്ച് കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ക്രിപ്റ്റോ കറന്‍സി ഇടപാട് 80 വിദേശ രാജ്യങ്ങളില്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ കലൂരിലെ PMLA കോടതിയെ സമീപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News