കർണാടകയിലെ ഹിജാബ് നിരോധനം എടുത്ത് മാറ്റും; കർണാടകയിലെ ഏക മുസ്ലിം വനിതാ എം എൽ എ കനീസ് ഫാത്തിമ

ബിജെപി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുമാറ്റുമെന്ന് ഉത്തര ഗുൽബർഗയിലെ നിയുക്ത കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമ. സംസ്ഥാനത്തെ ഹിജാബ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് കനീസ് ഫാത്തിമ.

“ഉടൻ തന്നെ ഞങ്ങൾ ഹിജാബ് നിരോധനം എടുത്തുമാറ്റും. ഹിജാബിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥിനികളെ ക്ലാസ്‌മുറികളിലേക്ക് തിരിച്ചുകൊണ്ടുവരും. അവർക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വർഷമാണ് അവർക്ക് നഷ്ടമായത് ” – കർണ്ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കനീസ് ഫാത്തിമയുടെ പ്രതികരണം.

ബിജെപിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ 2,712 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഉത്തര ഗുൽബർഗയിൽ കനീസയുടെ വിജയം.കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്ലിം വനിതാ സ്ഥാനാർത്ഥി കൂടിയാണ് കനീസ് ഫാത്തിമ.

അതേ സമയം എടുത്തുമാറ്റിയ മുസ്ലിം സംവരണം തിരിച്ചുകൊണ്ടുവരുമെന്ന് കോ​ൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഹിജാബ് വിഷയത്തിൽ പരാമർശമുണ്ടായിരുന്നില്ല. ഉഡുപ്പി ഗവ. വനിത പ്രീ യൂണിവേഴ്സിറ്റി കോളജിലെ 11, 12 ക്ലാസുകളിലെ എട്ടു മുസ്ലിം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ചതിന്‍റെ പേരിൽ പുറത്താക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിനൊപ്പം ഹിജാബ് നിരോധം നടപ്പാക്കി കർണാടകയിലെ ബിജെപി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളിക്കളഞ്ഞ കർണാടക ഹൈകോടതി കർണാടക സർക്കാർ ഉത്തരവിൽ വസ്ത്രത്തിനുമേൽ ഏർപ്പെടുത്തിയ എല്ലാതരം നിയന്ത്രണങ്ങളും ശരിവെച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News