ഹിമാചലിൽ കൂട്ട കാലുമാറ്റത്തിന് ശേഷം കോൺഗ്രസിന് ആശ്വാസം; ബജറ്റ് നിയമസഭ പാസ്സാക്കി

ഹിമാചലില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് ആശ്വാസം. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മന്ത്രിസഭ പാസാക്കി. സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിയ കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുളള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചു. രാജ്യസഭാ വോട്ടെടുപ്പിന് പിന്നാലെ ഒരു പകല്‍ മുഴുവന്‍ അത്യന്തം നാടകീയ നീക്കങ്ങള്‍ക്കാണ് ഹിമാചല്‍ നിയമസഭ സാക്ഷ്യം വഹിച്ചത്. ഒടുവില്‍ താത്ക്കാലിക ആശ്വാസമായി നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബജറ്റ് പാസാക്കി. അനിശ്ചിതകാലത്തേക്ക് നിയമസഭയും പിരിച്ചുവിട്ടു.

Also Read: സ്മാർട്ടായി കേരളം; ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്: മന്ത്രി പി രാജീവ്

ബജറ്റ് വോട്ടെടുപ്പിന് മുമ്പായി 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാക്കിയുളള 10 എംഎല്‍എമാര്‍ പ്രതിഷേധിച്ച് സഭ വിട്ടതോടെ ബജറ്റ് പാസാക്കുകയായിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് പ്രതികരിച്ചു. താന്‍ പോരാളിയാണെന്നും മന്ത്രിസഭ കാലാവധി തികയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സംസ്ഥാന കോണ്‍ഗ്രസിനുളളിലെ ആഭ്യന്തര കലഹം പുകയുകയാണ്. മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ്ങിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തി രംഗത്ത് വന്ന വിക്രമാദിത്യ സിംഗ് മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചു. 26ഓളം വിമത എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. വിഷയത്തില്‍ എഐസിസി നേരിട്ട് ഇടപെടുകയും പ്രിയങ്കാഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംസ്ഥാനത്ത് നിരീക്ഷകരെ അയച്ച് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുളള ശ്രമവും നടത്തി.

Also Read: ‘ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളം ആന്റി ബിജെപി മനസ്സോടെയാണ് നേരിടുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം രാജ്യസഭാ സീറ്റില്‍ മറുകണ്ടം ചാടിയ ആറ് എംഎല്‍എമാരെ അയോഗ്യരാക്കാനുളള നടപടി കോണ്‍ഗ്രസും ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കം ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് അവിശ്വാസനീക്കം നടത്തിയിരുന്നു. ബജറ്റ് പാസായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരിനെ ഏത് വിധേയനെയും അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News