ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരി നേരിടേണ്ടി വന്ന പരിഹാസമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിഹാസം നേരിടേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സ്വദേശിയായ ശര്‍മിള രാജശേഖരന് സമാനമായ അനുഭവം ഉണ്ടായത്.
ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രതികരണവുമായി രംഗത്തെത്തി. ഗോവയില്‍ പോയി മടങ്ങുന്നതിനിടയിലാണ് എന്‍ജിനീയറായ ശര്‍മിളയ്ക്ക് ദുരനുഭവം ഉണ്ടായത്. ഹിന്ദി അറിയാത്തതിന്റെ പേരില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ തന്നെ അപമാനിച്ചതായി ശര്‍മിള പറയുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗികയാണെന്നും ശര്‍മിള വിശദീകരിച്ചപ്പോള്‍ ഗൂഗിള്‍ ചെയ്യാനായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. സംഭവം പുറത്തുവന്നതോടെയാണ് സ്റ്റാലിന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന തെറ്റായ ധാരണ അംഗീകരിക്കാന്‍ ജനം നിര്‍ബന്ധിതരാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.
ഹിന്ദി എല്ലാ ഇന്ത്യക്കാരും പഠിക്കണമെന്ന് ഉറക്കെ പറഞ്ഞ് തന്നെ സിഐഎസ്എഫ് അപമാനിച്ചെന്നും ശര്‍മിളയുടെ പരാതിയില്‍ പറയുന്നുണ്ട്. അതേസമയം ഉദ്യോഗസ്ഥന്റെ പെരുമാറ്റം വിവാദമായതോടെ എഐഎസ്എഫ് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചതായി ശര്‍മിള പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here