ഹിന്ദു കോഡും ഏക സിവിൽ കോഡിലെ പൊള്ളത്തരങ്ങളും

2014ൽ അധികാരത്തിലെത്തിയതിന് ശേഷം ഇല്ലാത്ത ചരിത്രം രൂപികരിക്കുന്നതിന്റെ തിടുക്കത്തിലും; തങ്ങളുടെ ആശയങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരമുപയോഗിച്ചു തിരുകി കയറ്റാനും ജനങ്ങളുടെമേൽ അടിച്ചേല്പിക്കാനും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. സിഎഎ എൻആർസി ബില്ലുകൾ, ഗോവധ നിരോധനം എന്നിവയിലൂടെ ന്യൂനപക്ഷങ്ങളെയും സംഘപരിവാരങ്ങളുടെ ശത്രുക്കളെയും അടിച്ചമർത്താനും ആക്രമിക്കാനും അവർ വേദികൾ സൃഷ്ടിച്ചു.

Also Read: ഏകീകൃത നിയമമോ അതോ ബ്രാഹ്മണാധിപത്യമോ?

ചരിത്രത്തെയും പൈതൃകത്തേയും വളച്ചൊടിക്കാനുള്ള സംഘപരിവാർ ഗൂഢാലോചനയാണോ നാഷണൽ ആർകൈവ് ഓഫ് ഇന്ത്യ പൊളിക്കുന്നതിന് പിന്നിൽ എന്ന സംശയം വിവിധ കോണിൽ നിന്നും ഉയരുകയാണ്. കേന്ദ്രം പദ്ധതികൾ നടപ്പിലാക്കുന്നതിന്‌ പിന്നിൽ മറഞ്ഞിരിക്കുന്ന സംഘപരിവാർ ലക്ഷ്യങ്ങളുടെ തുടർക്കഥയാണ് സെൻട്രൽ വിസ്റ്റ റീഡെവലപ്മെന്റ് പ്രോജക്റ്റ് എന്ന സംശയവും പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ അടിവരയിടുന്നു. ഒരു മതേതര ജനാധിപത്യ സ്ഥിതിസമത്വ രാജ്യത്തെ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം മതാധിഷ്ടിതമായ ചടങ്ങാക്കിയ നരേന്ദ്ര മോദി സർക്കാരിൻ്റെ അടുത്ത നീക്കമാണ് ഏകീകൃത സിവിൽ കോഡ്.നരേന്ദ്ര മോദി ഇത് സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടപ്പോൾ, കേന്ദ്ര സർക്കാറിൻ്റെ പുതിയ നീക്കത്തിന് പിന്നിൽ ഉയരുന്ന ചോദ്യങ്ങൾ ഒട്ടനവധിയാണ്.

എന്താണ് എക സിവിൽ കോഡ് കൊണ്ട് അർത്ഥമാക്കുന്നത്?

യൂണിഫോം സിവിൽ കോഡ് എന്ന വാക്കിൽ ‘യൂണിഫോം’, ‘സിവിൽ’, ‘കോഡ്’ എന്നിങ്ങനെ മൂന്ന് വാക്കുകളുണ്ട്. യൂണിഫോം എന്ന പദത്തിന്റെ അർത്ഥം എല്ലാ ആളുകളും എല്ലാ സാഹചര്യങ്ങളിലും ഒരുപോലെയാണ്; പൗരന്റെ അവകാശം എന്ന അർത്ഥമുള്ള ‘നിയമം’ എന്ന പദത്തിന്റെ നാമവിശേഷണമായി ഉപയോഗിക്കുമ്പോൾ ‘സിവിൽസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് സിവിൽ എന്ന പദം ഉണ്ടായത്. പുസ്തകം എന്നർത്ഥം വരുന്ന ‘കോഡെക്സ്’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കോഡ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ജാതി, മതം, ജനനം, ലിംഗം, ഗോത്രം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ഒരേപോലെ ബാധകമായ നിയമങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഭരണഘടനയുടെ നിർദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 44 ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന പൗരന്മാർക്ക് ഒരു ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഭരണകൂടം ശ്രമിക്കും എന്നതാണ് അതിൽ പറയുന്നത്. നിലവിൽ ഏക സിവിൽ കോഡ് നടപ്പക്കാക്കിയ ഏക സംസ്ഥാനമായി ഗോവ യേയും ഏക സിവിൽ കോഡ് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. ഗോവ കുടുംബ നിയമം എന്നും അറിയപ്പെടുന്ന ഗോവ സിവിൽ കോഡ് യഥാർത്ഥത്തിൽ ഒരു പൊതു നിയമമാണ്. അതായത് ഗോവ അംഗീകരിച്ചതും ഇന്ന് നിലവിലുള്ളതും ഏകീകൃത സിവിൽ കോഡല്ല പൊതു സിവിൽ കോഡാണ്. അത് ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തിൻ്റെ തന്നെ നേരെ വിപരീതമാണ് താനും. ശരിയായ അർത്ഥത്തിലല്ലാതെ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ഗോവൻ പൊതു നിയമം ചൂണ്ടിക്കാട്ടിയാണ് കോടതികളും ഭരണകൂടങ്ങളും ഏക സിവിൽ കോഡിന് വേണ്ടി വാദിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ഹിന്ദു കോഡ് അഥവാ ഗോവൻ പൊതു സിവിൽ കോഡ്

ഗോവൻ പൊതു കോഡിലെ ചില നിയമങ്ങൾ പൊതു സിവിൽ കോഡും യൂണിഫോം സിവിൽ കോഡും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നവയാണ്. ഗോവൻ സിവിൽ കോഡ് ഹിന്ദുക്കൾ ഒഴികെ മറ്റ് മതങ്ങൾക്ക്  ദ്വിഭാര്യത്വം നിരോധിക്കുന്നു. ഗോവയിലെ വിജാതീയ ഹിന്ദുക്കളുടെ ആചാരങ്ങളിൽ പരാമർശിച്ചിരിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഹിന്ദു പുരുഷന്മാർക്ക് ദ്വിഭാര്യത്വത്തിന് അവകാശമുണ്ട് എന്ന് അത് വ്യക്തമാക്കുന്നു. (ഭാര്യ 25 വയസ്സിനുള്ളിൽ ഒരു കുട്ടിയെ പ്രസവിച്ചില്ലെങ്കിൽ അല്ലെങ്കിൽ 30 വയസ്സിനുള്ളിൽ ഒരു ആൺകുഞ്ഞിനെ പ്രസവിക്കാൻ അവൾക്ക് കഴിഞ്ഞില്ലെങ്കിൽ). ഹിന്ദു മതത്തിലെ പുരുഷന്മാർക്ക് ചില പ്രത്യേക അവകാശങ്ങളും മറ്റ് മതങ്ങളിലെ പുരുഷന്മാർക്ക് നിരോധനവും എങ്ങനെയാണ് ഒരു ഏകീകൃത സിവിൽ കോഡിന്റെ ഭാഗമാവുന്നത്. ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിനും ഹിന്ദു വിവാഹ നിയമത്തിനും വിരുദ്ധമാണ്.

ഇത്തരത്തിൽ കേവലം ഹിന്ദു കോഡായി മാത്രം ചുരിക്കാണിക്കാൻ കഴിയുന്ന നിരവധി ഉദാഹരണങ്ങൾ ഗോവൻ പൊതു നിയമത്തിലുണ്ട്. മറ്റേതൊരു മതത്തിനും സാധുതയുള്ള ഏതെങ്കിലും കാരണങ്ങളാൽ വിവാഹമോചനത്തിന് സാധിക്കും.എന്നാൽ ഹിന്ദുക്കൾക്ക്ഭാര്യയുടെ വ്യഭിചാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിവാഹമോചനം അനുവദിക്കൂ എന്ന വിചിത്ര നയമാണുള്ളത്. അതുപോലെ തന്നെ ദത്തെടുക്കപ്പെട്ടവരുടെയും നിയമവിരുദ്ധമായ കുട്ടികളുടെയും കാര്യത്തിൽ ഗോവൻ കോഡിൽ അസമത്വമുണ്ട്.

ഏകീകൃത സിവിൽ കോഡില്ലാത്ത ഗോവ

15 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ സംസ്ഥാനമായ ഗോവയ്ക്ക് കോമൺ സിവിൽ കോഡുണ്ട് എന്നാൽ യൂണിഫോം സിവിൽ കോഡില്ല എന്ന് പറയുന്നതാണ് ശരി. മതത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക മതവിഭാഗക്കാർക്ക് നിരവധി ഒഴിവാക്കലുകളും പരിഗണനകളും നൽകുന്നുണ്ട് താനും. 1,35 കോടി ജനസംഖ്യയുള്ള രാജ്യത്ത് അതായത് വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ, വിവിധ വിശ്വാസങ്ങളുള്ള ആളുകൾ ജീവിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് ഒരു കപ്പ് ചായ കുടിക്കുന്നത് പോലെ എളുപ്പമല്ല ഏകീകൃതത കൊണ്ടുവരാൻ എന്ന് സാരം.

ഏകീകൃത സിവില്‍ കോഡും നിയമ കമ്മീഷനും

2016 ൽ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു. 2018 ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങള്‍ കണ്ടെത്തി ഭേദഗതി ചെയ്യുക എന്ന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വെച്ചത്. വിവാഹ പ്രായം 18 ആയി ഏകീകരിക്കുക, വിവാഹ മോചനത്തിനുളള നിയമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

നിലവിൽ വിഷയം 22 -ാം നിയമ കമ്മീഷന്റെ പരിഗണനയിൽ ആണ്. വിഷയം പരിശോധിക്കാൻ കമ്മീഷനോട് കേന്ദ്രം നിർദേശിച്ചിരുന്നു.സിവിൽ കോഡിന്മേലുള്ള ജനങ്ങളുടെ നിർദ്ദേശങ്ങൾ 30 ദിവസത്തിനകം സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമ കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ ഇ-മെയിൽ മുഖേനയോ പൊതുജനങ്ങൾക്കും അംഗീകൃത മത സംഘടനകൾക്കും നിർദ്ദേശങ്ങൾ പങ്കുവെയ്‌ക്കാൻ സാധിക്കും.

ഇരുപത്തിയൊന്നാം നിയമ കമ്മീഷൻ മുൻപു തന്നെ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പഠനം നടത്തി പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും അതിന്റെ റിപ്പോർട്ടു സമർപ്പിക്കുകയും ചെയ്തിരുന്നെങ്കിലും, ഈ റിപ്പോർട്ടിന് മൂന്ന് വർഷത്തെ പഴക്കമുള്ളത് കണക്കിലെടുത്തും സിവിൽ കോഡ് സംബന്ധിച്ചുള്ള വിവിധ കോടതി ഉത്തരവുകളടെ സാഹചര്യത്തിലുമാണ് വീണ്ടും നിർദ്ദേശങ്ങൾ തേടിയിരിക്കുന്നത്

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കപ്പെടും

ഏകീകൃത സിവിൽ കോഡിന്റെ ആദർശം ദേശീയ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ആശയം നൽകുന്നതിനും, “ഒരു പൗരൻ ഒരു നിയമം” എന്ന് വ്യവസ്ഥ ചെയ്യുന്നതിനുമാണ് എന്നാണ് സംഘപരിവാർ അനുകൂലികൾ വാദിക്കുന്നത്. ഒരു പൗരൻ ഒരു നിയമം എന്നത് ഒരു മുദ്രാവാക്യം എന്ന നിലയിൽ കേൾക്കാനൊക്കെ കൊള്ളാം. അതേസമയം; ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ മതേതര സ്ഥിതിസമത്വ രാജ്യത്തിൻ്റെ ഭരണഘടനക്ക് എതിരായി അത് മാറും എന്നതാണ് യാഥാർഥ്യം.ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ പിന്തുടരാനും പൗരന്‍മാര്‍ക്ക് മൗലിക അവകാശമുള്ള രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മേൽ ഒരു ഏകീകൃത നിയമം അടിച്ചേൽപ്പിക്കുകയാണെങ്കിൽ അവർക്ക് അവരുടെ വ്യക്തിഗത നിയമം അസാധുവായി മാറും.അത് പൗരന് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശത്തെ ലംഘിക്കുന്നതാണ്.ഇന്ത്യയിൽ ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിന് പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കുക അത് വഴി കലാപങ്ങൾക്ക് ജന്മം നൽകുക എന്ന സംഘ പരിവാർ അജണ്ടയാണ് എന്ന് സംശയിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ തുടങ്ങിയ വിഷയങ്ങൾക്ക് ശേഷം രാജ്യത്ത് വർഗീയ ധ്രുവീകരണം നടത്താൽ ഏക സിവിൽ കോഡിലാണിപ്പോൾ ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി എക സിവിൽ കോഡ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും വ്യാപകമായി അതിനെപ്പറ്റി പ്രചരണങ്ങൾ സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യത വളരെയധികമുള്ള ഈ രാഷ്ട്രീയ സാഹചര്യത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ നടത്തുന്ന ഏതൊരു നീക്കവും ഭൂരിപക്ഷ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായി ഏകീകരിക്കാൻ വഴി ഒരുക്കുമെന്നാണ് അവർ കണക്കു കൂട്ടുന്നത്. അതായത് കൃത്യമായ ആലോചനയ്ക്കു ശേഷമാണ് ബിജെപി. ഇപ്പോൾ ഇത്തരമൊരു സാഹസത്തിനു തുനിഞ്ഞിരിക്കുന്നതെന്നതു വ്യക്തം. സംഘപരിവാർ അജണ്ടകളുടെ ഭാഗമായിട്ടുള്ള ഏക സിവിൽ കോഡിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും മത സംഘടനകളും രംഗത്ത് വന്ന് കഴിഞ്ഞു. ഈ നിയമം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെങ്കിൽൽ രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളേക്കാളും ശക്തമായ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News