കേന്ദ്രം പൂട്ടിക്കെട്ടാന്‍ ഒരുങ്ങിയപ്പോള്‍ ചേര്‍ത്ത് പിടിച്ച് കേരളം, വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചു; മന്ത്രി പി രാജീവ്

വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ച ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. മൂന്ന് വര്‍ഷം നീണ്ട ഏറ്റെടുക്കല്‍ പ്രക്രിയക്ക് ശേഷം അഞ്ച് മാസം കൊണ്ടാണ് ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചത്. കേവലം അഞ്ച് മാസംകൊണ്ട് രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കുകയായിരുന്നു. വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം ജില്ലയിലെ വെള്ളൂരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പൂട്ടാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ നൂറുകണക്കിന് കുടുംബങ്ങളാണ് എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലായത്. അസമില്‍ കേന്ദ്രസര്‍ക്കാര്‍ പൂട്ടിക്കെട്ടിയ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളികളുടെ ആത്മഹത്യാവാര്‍ത്തകളും ഇക്കാലയളവില്‍ നിരന്തരം വന്നുകൊണ്ടിരുന്നു. അസമില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കാതിരിക്കാന്‍, തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാന്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയൊന്നുകൊണ്ട് സാധിച്ചുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോള്‍ നാം കാണുന്ന കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്.

കോട്ടയം വെള്ളൂരില്‍ കേന്ദ്രം പൂട്ടിയ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ എറ്റെടുത്തു. 3 വര്‍ഷം നീണ്ട ഏറ്റെടുക്കല്‍ പ്രക്രിയക്ക് ശേഷം 5 മാസം കൊണ്ട് ആദ്യഘട്ട പുനരുജ്ജീവനപ്രക്രിയ പൂര്‍ത്തിയാക്കി വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചു. കേവലം 5 മാസം കൊണ്ട് രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി വ്യാവസായികാടിസ്ഥാനത്തിലുള്ള ഉല്‍പാദനപ്രക്രിയയും നമ്മളാരംഭിച്ചു. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഘട്ടത്തിലേക്ക് കെ പി പി എല്‍ ഇന്ന് ഉയര്‍ന്നിരിക്കുന്നു.
സംസ്ഥാനം നല്‍കിയ വലിയ പിന്തുണയുടെ പിന്‍ബലത്തിലാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കോട്ടയം ജില്ലയിലെ വെള്ളൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 700 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കമ്പനിക്ക് കൈമാറിയത് സംസ്ഥാനമാണ്. തടി ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളര്‍ത്തിയതാണ് എച്ച്.എന്‍.എല്‍. എന്നാല്‍ എച്ച്.എന്‍.എല്‍ വില്‍ക്കാന്‍ തീരുമാനിച്ച സന്ദര്‍ഭത്തിലും, കേരളത്തിന് സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ മുമ്പാകെ ലേല പ്രക്രിയയില്‍ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂര്‍ പേപ്പര്‍ കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണല്‍ അവാര്‍ഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂര്‍ണ്ണമായും അടച്ചു തീര്‍ത്തു. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മൂവായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന, പ്രതിവര്‍ഷം അഞ്ച് ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ ഈ സര്‍ക്കാര്‍ മാറ്റിയെടുക്കും. നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ പേപ്പര്‍ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തില്‍ ലാഭകരമായ സ്ഥാപനമായില്‍ കെ.പി.പി.എല്‍ മാറും.

അടച്ചു പൂട്ടലിന്റെ വക്കിലെത്തി, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തോന്നിപ്പിച്ച സ്ഥാപനമാണ് വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി എന്ന് ആലോചിക്കുമ്പോഴാണ് മാറ്റത്തിന്റെ വ്യാപ്തിയും ആഴവും ബോധ്യപ്പെടുക.

നാല് ഘട്ടങ്ങളായാണ് കെ.പി.പി.എല്ലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തത്. ഒന്നാം ഘട്ടമായി അഞ്ചു മാസംകൊണ്ട് മൂന്ന് പ്ലാന്റുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി(പേപ്പര്‍ മെഷീന്‍, റീ സൈക്കിള്‍ഡ് പള്‍പ്പിങ്ങ് പ്ലാന്റ്, ബോയിലറും അനുബന്ധ മെഷിനറികളും). ഒന്നാംഘട്ട ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടിയാണ് അഞ്ചു മാസത്തേക്ക് വകയിരുത്തിയത്. രണ്ടാംഘട്ടവും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചു. ഈ ഘട്ടത്തില്‍ 44.94 കോടി മുതല്‍ മുടക്കി കെമിക്കല്‍ മെക്കാനിക്കല്‍ പ്‌ളാന്റുകളുടെ പുനരുദ്ധാരണം സാധ്യമാക്കി. രണ്ടാം ഘട്ടം പൂര്‍ത്തിയായതോടെ കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവന്‍ ഉപയോഗിക്കാവുന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വുഡ് പള്‍പ്പിംഗ് സ്ട്രീമുകള്‍ക്കൊപ്പം റീസൈക്കിള്‍ ചെയ്ത പള്‍പ്പ് കൂടി ഉപയോഗിച്ച് വ്യാവാസായികാടിസ്ഥാനത്തിലുള്ള ന്യൂസ് പ്രിന്റ് നിര്‍മ്മാണം ആരംഭിച്ചു. 30ഓളം അച്ചടി മാധ്യമങ്ങള്‍ക്ക് കെപിപിഎല്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് കടലാസ് വിതരണം ചെയ്തിരിക്കുന്നു. 27 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന മൂന്നാം ഘട്ടമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 650 കോടി രൂപയാണ് ഈ ഘട്ടത്തിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. നാലാം ഘട്ടം 17 മാസം കൊണ്ട് പൂര്‍ത്തിയാക്കി പാക്കേജിങ്ങ് ഗ്രേഡ് പേപ്പര്‍ ഉല്‍പാദനം തുടങ്ങാനുമാണ് ലക്ഷ്യമിടുന്നത്. 350 കോടിയാണ് നാലാം ഘട്ടത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നര വര്‍ഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ ആദ്യമായാണ്. അസ്തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് കോട്ടയത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കുന്നതിനൊപ്പം ഇന്ത്യയുടെ തന്നെ വ്യവസായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുമാകും.
വികസനമാണ് വിഷയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News