അജ്മീര്‍ ദര്‍ഗയില്‍ ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹരജി; കോടതി നോട്ടീസ് അയച്ചു

ajmer-dargah

അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹരജിയില്‍ രാജസ്ഥാനിലെ അജ്മീര്‍ ജില്ലാ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. സ്ഥലത്ത് വീണ്ടും ആരാധന അനുവദിക്കണമെന്ന് സെപ്തംബറില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അജ്മീര്‍ ദര്‍ഗ കമ്മിറ്റിക്കും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും ന്യൂഡല്‍ഹിയിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഓഫീസിനും മറുപടി ആവശ്യപ്പെട്ട് സിവില്‍ ജഡ്ജി മന്‍മോഹന്‍ ചന്ദേല്‍ നോട്ടീസ് അയച്ചതായി ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ യോഗേഷ് സിരോജ പറഞ്ഞു. ഷെയ്ഖ് മുയീനുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയായ അജ്മീര്‍ മുസ്ലിംകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്.

Read Also: സംഭാല്‍ സംഭവം ; അക്രമകാരികളെ പിടികൂടാനെന്ന പേരില്‍ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്

വാരാണസി, മഥുര, ധാറിലെ ഭോജ്ശാല എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങള്‍ക്ക് സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് ഇത്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ പള്ളിയില്‍ സര്‍വേ നടത്താനുള്ള പ്രാദേശിക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് കോടതിയുടെ നടപടി. പഴയ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അജ്മീര്‍ ഷരീഫ് ഉള്‍പ്പെട്ട കേസില്‍ സംഘ്പരിവാര്‍ സംഘടനയായ ഹിന്ദു സേനയുടെ തലവന്‍ വിഷ്ണു ഗുപ്ത ഹരജിക്കാരനാണ്. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അടുത്ത വാദം ഡിസംബര്‍ 20ന് നടക്കും.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News