മതനിരപേക്ഷതയും ജനാധിപത്യവുമാണ് രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംരക്ഷിക്കാൻ ബാധ്യസ്ഥപ്പെട്ട ശക്തികൾ തന്നെ അതിന് ഭീഷണിയാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിൽ എന്ത് പഠിക്കണം എന്നതിൽപോലും കേന്ദ്ര ഇടപെടലുണ്ട്.
മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഭാഗം വേണ്ടെന്നു പറഞ്ഞു. ഗാന്ധിജിയെ വധിച്ചത് ആരാണ് എന്ന് കുട്ടികൾ മനസിലാക്കുന്ന സ്ഥിതി വരും എന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ്ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് നിലപാടെടുത്തു. അതിൽ ചിലർ സംശയം പ്രകടിപ്പിച്ചു. നടപ്പാക്കില്ല എന്നാൽ നടപ്പാക്കില്ല എന്ന് തന്നെയാണ് അർത്ഥം. ഭരണഘടനാ വിരുദ്ധമായി നിയമം നിർമ്മിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് കേരളം ഈ നിലപാട് സ്വീകരിച്ചത്,’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചരിത്രത്തെ പുതിയ രീതിയിൽ തിരുത്തുകയാണെന്നും ചരിത്രം ശരിയായ രീതിയിൽ മനസിലാക്കുമ്പോൾ ചിലർ അസ്വസ്ഥരാകുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here