സ്തനാര്‍ബുദം നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സംവിധാനവുമായി എച്ച്എല്‍എല്ലും യുഇ ലൈഫ്‌ സയന്‍സസും

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഇ ലൈഫ്‌സയന്‍സസ്സും കൈകോര്‍ത്തു. സ്തനാര്‍ബുദം നേരത്തെ നിര്‍ണ്ണയിക്കുന്നതിനുള്ള നൂതന സ്‌ക്രീനിംഗ് സംവിധാനം ‘ibreastexam’ രാജ്യമെമ്പാടും അവതരിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി എച്ച്എല്‍എല്‍ 5 വര്‍ഷത്തേയ്ക്ക് യുഇ ലൈഫ്‌സയന്‍സസ് എന്ന അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ എംപാനല്‍ ചെയ്തു.

Also Read: സൗജന്യ ഭക്ഷണം നിര്‍ത്തലാക്കി; വന്‍ മാറ്റങ്ങളുമായി പുതിയ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള നവീനമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സ്ഥാപനമാണ് യുഇ ലൈഫ് സയന്‍സസ്. ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററിയുടെ പഠനമനുസരിച്ച് മറ്റേതൊരു രാജ്യത്തെക്കാളും ഇന്ത്യയില്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട മരണനിരക്ക് വളരെ കൂടുതലാണ്. 50 വയസ്സിനുള്ളിലുള്ള സ്ത്രീകളാണു ഇതിലേറെയും. വൈകിയുള്ള രോഗനിര്‍ണയമാണ് സ്തനാര്‍ബുദത്തിന്റെ മരണ നിരക്ക് ഉയരാനുള്ള പ്രധാനകാരണമായി ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം പ്രാരംഭ ദിശയില്‍ തന്നെ കണ്ടു പിടിക്കുന്നതിനു വേണ്ടിയുള്ള എളുപ്പവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ‘ഐബ്രസ്റ്റ് എക്‌സാം’.

സൗകര്യങ്ങള്‍ കുറഞ്ഞ ആരോഗ്യ കേന്ദ്രങ്ങളില്‍ മാമോഗ്രാമിനു പകരമായി ഉപയോഗിക്കാവുന്ന ഫലപ്രദമായ മാര്‍ഗമാകും ഐബ്രസ്റ്റ് എക്സാം. 25000ല്‍ അധികം സ്ത്രീകളില്‍ പഠനം നടത്തുകയും ക്ലിനിക്കലി സാധൂകരിക്കപ്പെടുകയും ചെയ്ത സംവിധാനമാണ് ഇത്. സ്തനത്തിലെ ടിഷുവിലെ വ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ പര്യാപ്തമാണ് ഈ സംവിധാനം. അതിനായി ഡൈനാമിക് കോപ്ലാനര്‍ കപ്പാസിറ്റി സെന്‍സര്‍ ടെക്‌നോളജിയാണ് ഐബ്രസ്റ്റ്എക്സാമില്‍ ഉപയോഗിച്ചിരിക്കുന്നത്. ആരോഗ്യമുള്ള രോഗലക്ഷണങ്ങള്‍ കാണിക്കാത്ത സ്ത്രീകളില്‍ അസ്വാഭാവിക മുഴകള്‍ തിരിച്ചറിയാന്‍ ഐബ്രസ്റ്റ് എക്സാമിലൂടെ സാധിക്കുന്നു.

‘എച്ച്എല്‍എല്ലിന്റെ സ്ത്രീകള്‍ക്കുള്ള ഉല്‍പ്പന്ന ശ്രേണിയില്‍ ഇത്തരം ഒരു നൂതന സങ്കേതം ഉള്‍പ്പെടുത്താനായതില്‍ നമുക്ക് ഏറെ അഭിമാനമുണ്ട്’, എച്ച്എല്‍എല്‍ സിഎംഡി കെ ബെജി ജോര്‍ജ് ഐആര്‍ടിഎസ് പറഞ്ഞു. ലളിതമായും ഏറ്റവും കുറഞ്ഞ നിരക്കിലും ഓരോ സ്ത്രീകള്‍ക്കും സ്തനാര്‍ബുദ സ്‌ക്രീനിംഗ് നടത്താനാവും. ഇതിലൂടെ നിരവധി ജീവന്‍ സംരക്ഷിക്കാനാന്‍ സാധിക്കും എന്നതാണ് ഞങ്ങളുടെ പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഐബ്രസ്റ്റ് എക്‌സാം വിതരണം ചെയ്യാന്‍ എച്ച്എല്‍എല്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ എച്ച്എല്‍എല്‍ നേരിട്ടും മറ്റും ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ചും ഈ ഉല്‍പ്പന്നം വിതരണം ചെയ്യും.

റേഡിയേഷന്‍ ഇല്ലാത്തതും വേദനരഹിതവുമായ സ്‌ക്രീനിംഗ് സംവിധാനമാണ് ഐബ്രസ്റ്റ് എക്‌സാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ലൗഡില്‍ രോഗനിര്‍ണയ ഡാറ്റ സംഭരിക്കാനും അതുവഴി കൃത്യമായ ഫോളോ അപ്പുകള്‍ നടത്താനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ഒരു സ്‌ക്രീന്‍ ടെസ്റ്റിനു ശരാശരി ചിലവ് കേവലം 500 രൂപയാണ്. ആരോഗ്യപ്രവര്‍ത്തകര്‍, നേഴ്സുമാര്‍, പ്രാഥമിക പരിചരണ വിഭാഗം ഡോക്ടര്‍മാര്‍, സ്ത്രീകളുടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ എന്നിവര്‍ക്ക് ലളിതമായി ഉപയോഗിക്കാന്‍ തരത്തിലാണ് ഐബ്രസ്റ്റ് എക്‌സാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മലബാര്‍ കാന്‍സര്‍ സെന്റര്‍, ദി മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് കാന്‍സര്‍ സെന്റര്‍(യുഎസ്എ) എന്നിവ ഉള്‍പ്പെടെ എട്ടോളം കാന്‍സര്‍ ഗവേഷണ കേന്ദ്രങ്ങളിലെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഐബ്രസ്റ്റ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത്, അമേരിക്കന്‍ സൊസൈറ്റി ഓഫ് ബ്രസ്റ്റ് സര്‍ജന്‍സ്, സാന്‍ അന്റോണിയോ ബ്രസ്റ്റ് സിമ്പോസിയം, ദി ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി തുടങ്ങി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ ഐബ്രസ്റ്റ് എക്‌സാമിന്റെ പരീക്ഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ISO 13485, CE മാര്‍ക്കുകളും US FDA ക്ലിയറന്‍സും ലഭിച്ച ഉല്‍പ്പന്നമാണ് ഐബ്രസ്റ്റ് എക്‌സാം. കൂടാതെ WHO യുടെ നൂതന ഹെല്‍ത്ത് ടെക്‌നോളജി അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതിനോടകം 12ല്‍ അധികം രാജ്യങ്ങളില്‍ അംഗീകാരവും ഈ സംവിധാനത്തിന് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News