ചൈനയിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതിനെക്കുറിച്ച് ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അറിയിച്ചു. ഇന്ത്യയിൽ നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്എംപിവി ബാധിച്ചവർക്കും ഉണ്ടാകുകയെന്നും കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകുമെന്നും ഡിജിഎച്ച്എസ് ഡയറക്ടർ ഡോ. അതുൽ ഗോയൽ വ്യക്തമാക്കി.
ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകൾ കൂടുന്ന സീസണാണിതെന്നും ഇതിനെ നേരിടാൻ ആശുപത്രികളെല്ലാം എല്ലാ തരത്തിലുമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഡോ. ഗോയൽ പറഞ്ഞു. ചൈനയിൽ എച്ച്എംപിവി വ്യാപനം രൂക്ഷമാകുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് എൻസിഡിസി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ALSO READ; ഇതിന് ഒരു അന്ത്യമില്ലേ; കൊവിഡിന് സമാനമായ വൈറസ് വ്യാപിക്കുന്നു, സ്ഥിതി നിരീക്ഷിച്ച് ഈ രാജ്യങ്ങള്‍
ചൈനയുടെ ആരോഗ്യവൃത്തങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വൈറസ് പടരുകയാണ്. വടക്കന്‍ ചൈനയിലാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന എച്ച്എംപിവി , കുട്ടികളിലും സാധാരണമാണ്.
നിലവിൽ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ചൈനീസ് ഉദ്യോഗസ്ഥരോ ലോകാരോഗ്യ സംഘടനയോ (WHO) ഈ ഘട്ടത്തില്‍ അടിയന്തര മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here