അവധിക്കാലം ആസ്വദിക്കാന്‍ നെല്ലിയാമ്പതിയിലേക്ക് വരൂ…

അതിമനോഹരമായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമായ, പച്ചപ്പുകൊണ്ടും വേറിട്ട് നില്‍ക്കുന്ന ഒരു സ്ഥലമാണ് നെല്ലിയാമ്പതി. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്ന്. പാലക്കാട് നഗരത്തില്‍നിന്ന് വെറും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതി പാവപ്പെട്ടവരുടെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്.

പോത്തുണ്ടി ഡാമില്‍ തുടങ്ങി മേഘങ്ങളാല്‍ ചുറ്റപ്പെട്ട മലനിരകളും, ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന വെള്ളച്ചാട്ടങ്ങളും, വ്യൂ പോയിന്റുകളും താണ്ടി നെല്ലിയാമ്പതിയിലെത്തുമ്പോള്‍ ആരുടെയും മനസ്സ് തണുക്കും. നെല്ലിയാമ്പതിക്ക് പുറം ലോകവുമായുള്ള ഏക പൊതു ഗതാഗത മാര്‍ഗ്ഗം കെ.എസ്.ആര്‍.ടി.സി.യുടെ ബസ്സുകളാണ്. മലമ്പ്രദേശങ്ങളില്‍ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാര്‍ഗ്ഗം. കോട മഞ്ഞും, ഓറഞ്ച് തോട്ടവും, കേശവന്‍പാറ, സീതാര്‍കുണ്ട്, കാരപ്പാറ ഭാഗത്തുള്ള മലമുഴക്കി വേഴാമ്പലുകളുടെ കൂട്ടത്തോടെയുള്ള കാഴ്ചകള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അനേകം കാര്യങ്ങല്‍ അവിടെയുണ്ട്. നിത്യഹരിതവനങ്ങളും, ഓറഞ്ച്, ചായ, കാപ്പി, സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ തുടങ്ങിയവയെല്ലാമും പ്രകൃതി രമണീയതയോടു കൂടിയ ഈ ഇടത്തെ കൂടുതല്‍ മനോഹമാകുന്നു.

നെല്ലിയാമ്പതി കാടുകളുടെ മറ്റൊരു പ്രധാന സവിശേഷതയാണ് പറമ്പിക്കുളം കടുവാ സങ്കേതം. സിംഹവാലന്‍ മക്കാക്ക്, ബംഗാള്‍ കടുവ, ഇന്ത്യന്‍ പുള്ളിപ്പുലി, കാട്ടുപന്നി, മടിയന്‍, രാജവെമ്പാല, തിരുവിതാംകൂര്‍ കുക്രി പാമ്പ് എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രം പോത്തുണ്ടി അണക്കെട്ടാണ്. നെന്മാറ അയല്‍പക്കത്ത് നിന്ന് എട്ട് കിലോമീറ്ററും പാലക്കാട് നഗരത്തില്‍ നിന്ന് 48 കിലോമീറ്ററും അകലെയാണ് കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിക്കാതെ നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ രണ്ടാമത്തെ അണക്കെട്ടായ പോത്തുണ്ടി സ്ഥിതി ചെയ്യുന്നത്. ശര്‍ക്കരയുടെയും കുമ്മായത്തിന്റെയും തനതായ സംയോജനം ഉപയോഗിച്ചാണ് പോത്തുണ്ടി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

അടുത്ത പ്രധാന ആകര്‍ഷണം സീതാര്‍ഗുണ്ടു വ്യൂ പോയിന്റാണ്. നെല്ലിയാമ്പതിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് സീതാര്‍ഗുണ്ട്. ഉയര്‍ന്ന കുന്നുകളുടെയും താഴ്വരകളുടെയും അതിമനോഹരമായ ദൃശ്യം കാഴ്ചവെക്കുന്ന ഒരു വ്യൂപോയിന്റാണ് ഇത്.

നെല്ലിയാമ്പതിയില്‍ എത്താന്‍ നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെയാണ് പോകേണ്ടത്. മനോഹരമായ കാഴ്ചകളും വെള്ളച്ചാട്ടങ്ങളും കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന, ഏകദേശം 10 – ഓളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ള വഴിയിലൂടെയാണ് മുകളിലെത്തുക. വേനല്‍ച്ചുടില്‍ നിന്നും ഒരു രക്ഷനേടാന്‍ അവധിക്കാലത്ത് ഒട്ടനേകം പേര്‍ ഇവിടം എത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News