പലസ്തീൻ വിമോചന നേതാവ് യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിനമാണ് ഇന്ന്. ഗാസ മുനമ്പിൽ പിറന്നു വിഴുന്ന അവസാനത്തെ കുഞ്ഞിനെയും വകവരുത്താൻ കുതിക്കുന്ന സയണിസ്റ്റ് ഭീകരതയുടെ നടുവിൽ നിൽക്കുമ്പോഴാണ് ഇന്ത്യക്കും കേരളത്തിനും കൂടി പ്രിയപ്പെട്ട അറബ് നേതാവായ യാസര്‍ അറാഫത്തിന്‍റെ ഒർമ്മ പുതുക്കുകയാണ് ലോകം.
ലോകമെങ്ങും സയണിസ്റ്റ് ഭീകരതയെ പ്രതിരോധിച്ച സാർവ്വദേശീയ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായിരുന്നു യാസര്‍ അറാഫത്ത്. ജന്മനാടായ പലസ്തീനെ വീണ്ടെടുക്കാനും ഒരു സ്വതന്ത്ര രാഷ്ട്രമാക്കാനും യാസര്‍ അറാഫത്തും പിഎല്‍ഒയും നടത്തിയ പോരാട്ടങ്ങള്‍ക്ക് കണക്കില്ല. 1959-ൽ ഫതഹ് പാർട്ടി രൂപീകരിച്ച് അതിന്‍റെ ചെയര്‍മാനായ യാസര്‍ അറാഫത്ത് അവസാനം കാലം വരെയും ഇസ്രായേലിന്‍റെ കണ്ണിലെ കരടായിരുന്നു.
Also Read: ഗാസ വെടിനിർത്തൽ: മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചെന്ന വാർത്തകൾ വ്യാജമെന്ന് ഖത്തർ
എണ്‍പതുകളിലും തൊണ്ണൂറുകളിലും ലോകമെങ്ങുമുള്ള യുവജനങ്ങള്‍ക്ക് ചെഗുവേരയും ഫിദല്‍ കാസ്ട്രോയും പോലെ ഒരു വിമോചന നേതാവായിരുന്നു അറാഫത്ത്. ഇന്ത്യന്‍ കലാലയങ്ങള്‍ അറാഫത്ത് എന്ന അറബ് സ്വാതന്ത്ര്യപ്പോരാളിക്കൊപ്പം നിന്ന് പലസ്തീനായി ആവേശം കൊണ്ട കാലം. ഒരു കൈയ്യില്‍ ഒലിവിലയും മറുകൈയ്യില്‍ തോക്കുമെന്ന അറാഫത്തിന്‍റെ വാക്കുകള്‍ പോരാട്ടം അല്ലെങ്കില്‍ മരണം എന്ന ചെഗുവേരയുടെ വാക്കുകള്‍ പോലെയാണ് ചെറുപ്പക്കാര്‍ ഹൃദയത്തിലേറ്റിയത്,.
1967 ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്തതും പിന്നീട് സോവിയറ്റ് സഹായത്തോടെ വിമോചിപ്പിച്ചെടുത്തതുമായ ഭൂപ്രദേശങ്ങൾ ചേർത്ത് ഒരു പലസ്തീന്‍ രാഷ്ട്രം യാഥാർത്ഥ്യമാക്കാനാണ് അറാഫത്ത് ശ്രമിച്ചത്. കിഴക്കൻ യറുസേലം കേന്ദ്രമായി പലസ്തീൻ രാഷ്ട്രം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. എന്നാല്‍ പിഎല്‍ഒവിനെ ദുര്‍ബലമാക്കാന്‍ മുസ്ലിം ബ്രദർഹുഡിന്‍റെ പലസ്തീൻ ഘടകമായി ഹമാസിനെ രംഗത്തിറക്കുകയായിരുന്നു മൊസാദും അമേരിക്കയും.
2002-മുതൽ 2004 വരെ അറഫാത്തിനെ ഇസ്രായേൽ സൈന്യം അദ്ദേഹത്തിന്റെ റമല്ലയിലെ വസതിയിൽ വീട്ടുതടങ്കലിലാക്കി. തടങ്കലിൽ അദ്ദേഹം അസുഖ ബാധിതനായി മരിച്ചുവെന്നാണ് ഇസ്രയേൽ അറിയിച്ചതെങ്കിലും അത് കൊലപാതകമായിരുന്നെന്നാണ് 2012 ജൂലൈ 4ന് അൽജസീറ പുറത്ത് വിട്ട വാര്‍ത്ത.
അറാഫത്തിന്‍റെ സൗഹൃദത്തിന്‍റെ കൂടി ശക്തിയില്‍ അമ്പതുകള്‍ തൊട്ട് സോവിയറ്റ് യൂണിയന്‍റെയും ഇന്ത്യ ഉൾപ്പെടെയുള്ള സ്വതന്ത്ര രാജ്യങ്ങളുടെയും പിന്തുണയുണ്ടായിരുന്നു പലസ്തീന്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കുമുള്ളതു പോലെ പലസ്തീൻ അറബ് ജനതയുടേതുമാണെന്ന മഹാത്മാഗാന്ധിയുടെ നിലപാടായിരുന്നു ഇന്ത്യക്ക്. രാജ്യമില്ലാത്ത രാജ്യത്തിന്‍റെ പ്രതിനിധിയായ അറാഫതിനെ ഇന്ത്യ കല്പിത പദവി വരെ നൽകി സ്വീകരിച്ചിട്ടുണ്ട്. ഇന്ദിരാഗന്ധിയെ തന്‍റെ സഹോദരി എന്നാണ് അറാഫത്ത് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് ഇസ്രായലിനനുകൂലമായ നരേന്ദ്രമോദിയുടെ നയം മാറ്റം ഒരേസമയം അറാഫത്തിനോടും പലസ്തീന്നോടും ഇന്ത്യയോടും തന്നെയുമുള്ള വഞ്ചനയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here