വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ചു, നവവരനും സഹോദരനും ദാരുണാന്ത്യം

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും ദാരുണാന്ത്യം. ഹെമേന്ദ്ര മെരാവി(22), സഹോദരന്‍ രാജ്കുമാർ(30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നും സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ
അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഛത്തീസ്ഗഢിലെ കബീർധാം ജില്ലയിലാണ് സംഭവം. നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏപ്രില്‍ ഒന്നിനാണ് ഹെമേന്ദ്ര മെരാവി വിവാഹിതനായത്. വിവാഹത്തിന് കിട്ടിയ സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്നു ഇവർ. തുടര്‍ന്ന് ഇവര്‍ക്ക് ലഭിച്ച ഹോം തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വൈദ്യുതി കണക്ട് ചെയ്ത ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മെരാവി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. രാജ്കുമാറിനെയും ഒന്നര വയസ്സുള്ള ആൺകുട്ടിയുൾപ്പെടെ മറ്റ് നാല് പേരെയും കവരദയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ മെരാവിയുടെ സഹോദരനും മരണത്തിന് കീഴടങ്ങി. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഹോം തിയേറ്റർ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. മധ്യപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ പ്രദേശം മാവോയിസ്റ്റ് ബാധിത മേഖലയിലാണ്. അന്വേഷണത്തിന് ശേഷമേ പൊട്ടിത്തെറിയുടെ കാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News