നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധന പൂർത്തിയായ ശേഷമാണ് നടപടി. അതിനിടെ ആശുപത്രിയിൽ പൊലീസിന്‍റെ വാഹനം തടയാൻ ബോബിയുടെ അനുയായികളുടെ ശ്രമമുണ്ടായത് നാടകീയ രംഗങ്ങൾ സൃഷ്ട്ടിച്ചു. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി.
റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണിരുന്നു. ഉത്തരവിൽ നാളെ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ അറിയിച്ചു. ഇന്നലെ രാവിലെയാണ് വയനാട് നിന്നും കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.
ALSO READ; എന്‍എം വിജയന്റെ ആത്മഹത്യ: കേസ് അട്ടിമറിക്കാന്‍ കോൺഗ്രസ് ശ്രമം, പൊലീസിൽ പരാതി
രാത്രി കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലായ സമയം മുതൽ തെറ്റ് ചെയ്തിട്ടില്ല എന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ജയിലിൽ കയറുന്നതിന് തൊട്ടു മുമ്പും ബോബി ഇത് ആവർത്തിച്ചു. ഇന്ന് 12 മണിയോടെ കോടതിയിലെത്തിക്കുന്ന സമയത്തും മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി. ജില്ലാ കോടതിയിൽ അപ്പീലിന് പോകുമെന്നും ബോബി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തുടര്‍ നടപടികള്‍ നടി ഹണി റോസ് നല്‍കിയ രഹസ്യമൊഴി കൂടി പരിഗണിച്ചാകുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നല്‍കി 24 മണിക്കൂര്‍ തികയും മുമ്പാണ് പോലീസ് കര്‍ശന നടപടിയിലേയ്ക്ക് കടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകള്‍ പ്രകാരവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉള്‍പ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here