പാചകത്തൊഴിലാളികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിഷേധനിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കുള്ള ഓണറേറിയത്തിലെ കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കുമോ എന്നതായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യം. കേരളസര്‍ക്കാര്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പലതവണ വര്‍ദ്ധനവ് വരുത്തിയിട്ടും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഓണറേറിയം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ജോണ്‍ ബ്രിട്ടാസ് എംപി ഈ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്.

എന്നാല്‍ ഇത് സംബന്ധിച്ച് നിലവിലുള്ള പദ്ധതി മാര്‍ഗ്ഗരേഖ പ്രകാരം പ്രതിമാസം 1,000 രൂപ എന്ന നിരക്കില്‍ വര്‍ഷത്തില്‍ 10 മാസം ഓണറേറിയം നല്‍കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്ന ചട്ടം ആവര്‍ത്തിച്ചതല്ലാതെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ പോലും കേന്ദ്രം തയ്യാറായില്ല. ഇതില്‍ നിന്നും ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയത്തിലെ കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂല നിലപാടല്ല എന്ന് മനസ്സിലാക്കാവുന്നതാണ്.

കേന്ദ്ര പദ്ധതി വ്യവസ്ഥകള്‍ പ്രകാരം 1,000 രൂപയാണ് തൊഴിലാളികള്‍ക്കുള്ള പ്രതിമാസ ഓണറേറിയമായി നിശ്ചയിച്ചിരുന്നത്. ഇതില്‍ 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം ഒരു മാസം 23 അദ്ധ്യയന ദിവസങ്ങള്‍ ഉണ്ടെങ്കില്‍ കേന്ദ്രത്തിന്റെ വകയായി പ്രതിദിനം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 26 രൂപ മാത്രമാണ്. ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ചു തവണ സംസ്ഥാന വിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തി.

2016ല്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിദിന ഓണറേറിയം 350 രൂപയായിരുന്നത് അഞ്ചു തവണത്തെ വേതന പരിഷ്‌കരണത്തിലൂടെ 2022 മുതല്‍ 600 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതുകൂടാതെ സ്‌കൂളുകളില്‍150 കുട്ടികള്‍ക്ക് മുകളിലുണ്ടെങ്കില്‍ ഒരു ദിവസം ഒരു കുട്ടിക്ക് ഇരുപത്തിയഞ്ച് പൈസ എന്ന നിലയില്‍ പ്രതിദിനം പരമാവധി 75 രൂപ വരെ അധികമായും സംസ്ഥാനം നല്‍കുന്നുണ്ട്. ഈ രീതിയില്‍ കണക്കാക്കുകയാണെങ്കില്‍ ഒരു മാസം 23 അദ്ധ്യയന ദിവസങ്ങളുണ്ടെങ്കില്‍ 13,800 രൂപ മുതല്‍ 15,525 രൂപ വരെയാണ് ഇപ്പോള്‍ പ്രതിമാസ ഓണറേറിയമായി സംസ്ഥാനത്ത് ലഭിക്കുക.

ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രവിഹിതം പ്രതിമാസം വെറും 600 രൂപയാണ് എന്നതിന്റെ ദയനീയാവസ്ഥ വെളിപ്പെടുന്നത്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രം തുടരുന്ന നിഷേധ നിലപാട് പുനഃപരിശോധിക്കണമെന്നും ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത 600 രൂപ എന്ന പ്രതിമാസ കേന്ദ്ര വിഹിതം അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here