രാജ്യത്ത് ആദ്യമായി ജെറ്റ്സ്ട്രീം അതിരക്റ്റമി സംവിധാനത്തിന്‍റെ സഹായത്തോടെ കാലിലെ രക്തക്കുഴലിന്‍റെ തടസ്സം നീക്കാനുള്ള ചികിത്സ വിജയകരമായി നടത്തി എറണാകുളം ലിസി ആശുപത്രി. പക്ഷാഘാതത്തെ അതിജീവിച്ച പ്രമേഹരോഗി കൂടിയായ അറുപത്തിരണ്ടുകാരനില്‍ കാലിലെ രക്തയോട്ടം പുനസ്ഥാപിക്കുവാനുള്ള നൂതന ചികിത്സയാണ് ലിസി ആശുപത്രി നടത്തിയത്.
രക്തയോട്ടം തടസപ്പെട്ട് ഇടതുകാലിലെ അള്‍സര്‍ ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ആലപ്പുഴയില്‍ നിന്നുള്ള വിന്‍സെന്‍റ് ലിസി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. മൂന്ന് വര്‍ഷം മുന്‍പ് പ്രമേഹ രോഗത്താല്‍ വലതു കാല്‍ നഷ്ടപ്പെട്ട വ്യക്തിയാണ് വിന്‍സെന്‍റ്. ആന്‍ജിയോപ്ലാസ്റ്റി നടത്തി പരമ്പരാഗത രീതിയില്‍ സ്റ്റെന്‍റ് ഇട്ടാല്‍ കാല്‍മുട്ടിന്‍റെ ചലനങ്ങള്‍ മൂലം സ്റ്റെന്‍റ് അടഞ്ഞു പോകുവാനുളള സാധ്യത കൂടുതലാണ്. അതിനാല്‍ ആ ചികിത്സാരീതി പ്രായോഗികമല്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.
Also Read: കണ്ണേ… പൊന്നുപോലെ സംരക്ഷിക്കാം
അങ്ങനെയാണ് സ്റ്റെന്‍റ് ആവശ്യമില്ലാതെ കാല്‍സിഫൈഡ് ബ്ലോക്ക് പൊടിച്ചു കളയുന്ന ജെറ്റ്സ്ട്രീം അതിരക്റ്റമി സംവിധാനം വിന്‍സെന്‍റില്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍റെ നേത്യത്വത്തില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് വിന്‍സെന്‍റിനെ ആശുപത്രിയില്‍ നിന്ന് യാത്രയാക്കിയത്.
ഭാവിയില്‍ വരാവുന്ന തടസ്സങ്ങള്‍ തടയുന്നതിനായി പോസ്റ്റ് – അതിരക്റ്റമി, ഡ്രഗ് – എലൂട്ടിംഗ് ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി എന്നിവ നടത്തി. ചികിത്സയ്ക്ക് ശേഷം നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ രക്തപ്രവാഹം ഏറെ മെച്ചപ്പെട്ടതായി കണ്ടു. ഡോ. ലിജേഷ് കുമാര്‍, ഡോ.ഗിരീഷ്, ഡോ.ജി.വി.എന്‍. പ്രദീപ് എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here