രാത്രി മദ്യപിച്ച് വീട്ടിലെത്തി; വീടിനു തീയിട്ടു അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

വര്‍ക്കലയില്‍ താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ അന്തോണി എന്ന ഗോപകുമാര്‍ ആണ് രാത്രി മദ്യപിച്ചെത്തി സ്വന്തം വീടിന് തീ കൊളുത്തിയത്. മയക്കു മരുന്നുള്‍പ്പടെയുള്ള ലഹരികള്‍ക്ക് അടിമയായ ഗോപകുമാര്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

രണ്ടു മുറികളുള്ള ഷീറ്റ് മേഞ്ഞ വീട്ടില്‍ ഗോപ കുമാറിന്റെ അമ്മ ഉഷയും, മകന്‍ ശ്യാം കുമാറും, ഒരു വശം പൂര്‍ണമായും തളര്‍ന്നു കിടക്കുന്ന പിതാവ് ഗോപിയുമാണ് താമസിച്ചിരുന്നത്. നിരന്തരമായ മദ്യപാനവും തുടര്‍ന്നുള്ള ഉപദ്രവവും ഏറിയതോടെ ഭാര്യ കഴിഞ്ഞ ഒരു വര്‍ഷമായി ഗോപകുമാറില്‍ നിന്ന് മാറി താമസിക്കുകയാണ്. മദ്യപിച്ച് വീട്ടിലെത്തിയാല്‍ ഗോപകുമാര്‍ മാതാപിതാക്കളെയും മകനെയും ഉപദ്രവിക്കാറുണ്ട്. മാതാപിതാക്കള്‍ അടുത്ത വീടുകളില്‍ അഭയം തേടിയാണ് ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടിയിരുന്നത്.

ഇന്നലെയും പതിവ് പോലെ മദ്യപിച്ചെത്തിയ ഗോപകുമാര്‍ മകന്‍ ശ്യാമുമായി വഴക്കിട്ടു. വഴക്കിനൊടുവില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ഗോപകുമാര്‍ ഷീറ്റ് മേഞ്ഞ വീടിന് തീകൊളുത്തുകയായിരുന്നു. വീട്ടുപകരണങ്ങളും, വീട്ടിലുണ്ടായിരുന്ന പ്രധാനപ്പെട്ട രേഖകളും സാധന സാമഗ്രികളും പൂര്‍ണമായും കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കലയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തുകയും തീയണക്കുകയും ചെയ്തു. തീ ആളിക്കത്തുന്നതിനു മുന്നേ തന്നെ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ ഗോപകുമാറിന്റെ അമ്മയും മകനും പൊള്ളലേല്‍ക്കാതെ രക്ഷപെട്ടു. ഗോപകുമാര്‍ ആക്രമിക്കും എന്ന ഭയം ഉള്ളതിനാല്‍ അച്ഛന്‍ ഗോപിയെ വീട്ടില്‍ നിന്ന് നേരത്തെ തന്നെ മാറ്റി താമസിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ വര്‍ക്കല പൊലീസ് ഗോപകുമാറിനെ അറസ്‌റ് ചെയ്തു. ഗോപകുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News